ലണ്ടന്‍|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (09:21 IST)
സമൂഹമാധ്യമത്തിലൂടെ ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക് സ്വദേശിയായ ബ്രിട്ടീഷ് ടെലിവിഷന്‍ താരം മാപ്പു പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പരയായ കോറണേഷന്‍ സ്ട്രീറ്റിലെ നടനായിരുന്നു അന്‍വര്‍. എന്നാല്‍, ഇന്ത്യയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ചാനല്‍ കഴിഞ്ഞദിവസം ഇയാളെ പുറത്താക്കിയിരുന്നു.
ട്വിറ്ററിലൂടെ ആയിരുന്നു അന്‍വറിന്റെ അധിക്ഷേപം. ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനില്‍ നിരോധിക്കണമെന്നും പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര്‍ എന്തിനാണ് ഇന്ത്യയില്‍ പോയി തൊഴിലെടുക്കുന്നതെന്നും ചോദിച്ച അന്‍വര്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് എതിരെ മോശമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍, ആരെയും വേദനിപ്പിക്കാനല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും കശ്‌മീര്‍ സംഘര്‍ഷത്തിന്റെ ഒരു വീഡിയോ കണ്ട് വികാരാധീതനായാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും വ്യക്തമാക്കിയ അന്‍വര്‍ ഇതില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നും യു ട്യൂബ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.