അഭിറാം മനോഹർ|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (17:50 IST)
റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ സ്ഫുട്‌നിക് 5 പരീക്ഷിക്കാനും വിതരണം ചെയ്യാനും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി റഷ്യൻ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തി. ഡോ. റെഡ്ഡീസുമായി സഹകരിച്ച് ഇന്ത്യയിൽ 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് ധാരണ.
മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട വാക്സിന്‍ ആണ് സ്ഫുട്‌നിക്-5. നിലവിൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിൻ 2020 അവസാനത്തോടെ വിതരണം ചെയ്യാൻ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യ വ്യക്തമാക്കി.കോവിഡ് വാക്‌സിന്‍ നിര്‍മാണം വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും സ്പുട്‌നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും റഷ്യൻ നയതന്ത്ര പ്രതിനിധി കിറില്‍ ദിമിത്രീവ് പറഞ്ഞു.
റഷ്യൻ പ്രതിരോധ മന്ത്രാലയവും മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും ചേർന്നാണ് സ്ഫുട്‌നിക് 5 വികസിപ്പിച്ചെടുത്തത്.