സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (14:11 IST)
ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഹൂത്തികള്‍ക്ക് നല്‍കുന്നത് റഷ്യയെന്ന് റിപ്പോര്‍ട്ട്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യെമനിലുള്ള ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് സൈനികര്‍ വഴിയാണ് വിവരങ്ങള്‍ ഹൂത്തികള്‍ക്ക് കൈമാറിയതെന്നും മിസൈലുകള്‍ ഉപയോഗിച്ച് കപ്പലുകള്‍ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. ഇറാന്റെ സഹായത്തോടെയാണ് ഹൂത്തികള്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിയപ്പോള്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രായേല്‍ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് ആഗോള വ്യാപാര മേഖലയെ സാരമായി ബാധിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും ചെങ്കടലില്‍ നാവികസഖ്യം രൂപീകരിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ നൂറിലധികം ആക്രമണങ്ങളാണ് ചെങ്കടലില്‍ ഹൂത്തികള്‍ നടത്തിയത്.