1.2 ലക്ഷം അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുമെന്ന് യൂറോപ്പ്

അഭയാര്‍ഥി പ്രവാഹം , സിറിയ, ഇറാഖ്, ലിബിയ , ജര്‍മ്മനി
ബ്രസല്‍സ്| jibin| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (08:27 IST)
സിറിയ, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കിടയില്‍ ധാരണ. ചില അംഗരാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനിടയില്‍ 1.20 ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാനാണ് തീരുമാനമായത്. ബുധനാഴ്ച ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിലാണ് അഭയാര്‍ഥി വിഷയത്തില്‍ വ്യക്‍തത കൈവന്നത്.

അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനത്തിന് പകരം ഭൂരിപക്ഷ പിന്തുണയോടെയാണ് തീരുമാനമുണ്ടായത്. രണ്ടു വര്‍ഷംകൊണ്ട് 1.20 ലക്ഷം പേരെ പുനരധിവസിപ്പിക്കാനാണ് നിര്‍ദേശം വന്നത്. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ ഹംഗറി, റുമേനിയ, ചെക് റിപ്പബ്ളിക്, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ രൂക്ഷമായി എതിര്‍ത്തു. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തെ ഹംഗറി ശക്തമായി എതിര്‍ക്കുകയായിരുന്നു.

അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ഹംഗറി അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചത് വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഹംഗറി, ക്രൊയേഷ്യ, ജര്‍മ്മനി, ഗ്രീസ്, സ്ലൊവീനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുകയാണ്. പലയിടത്തും അഭയാര്‍ഥികളെ തടയാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കി. സിറിയ, എറിത്രീയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക.

എന്നാല്‍, എതിര്‍ക്കുന്ന രാജ്യങ്ങളും പദ്ധതി നടപ്പാക്കുമെന്നതില്‍ സംശയമില്ളെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ലക്സംബര്‍ഗ് വിദേശകാര്യമന്ത്രി ജീന്‍ അസെല്‍ബോണ്‍ പറഞ്ഞു. യൂറോപ്യന്‍ നിയമം നടപ്പാക്കാത്ത അംഗരാജ്യങ്ങള്‍ പിഴയടക്കേണ്ടിവരും. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.002 ശതമാനമാണ് പിഴ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :