രാജപക്സേയ്ക്കിട്ട് പണി കൊടുത്തത് മോഡിയൊ?

രാജപക്സെ, ശ്രീലങ്ക, റോ
കൊളംബോ| vishnu| Last Modified ഞായര്‍, 18 ജനുവരി 2015 (15:50 IST)
ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മഹീന്ദ രാജപക്സെ പുറത്ത്‌പോയതിന്‍ കാരണം ഇന്ത്യയുടെ നീക്കങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ പത്രമായ സണ്‍ടേ ടൈംസ് ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്( റോ) ശ്രീലങ്കന്‍ പ്രതിപക്ഷവുമായി ചേര്‍ന്നു നടത്തിയ നീക്കങ്ങളാണ് രാജപക്സെ തോല്‍ക്കാന്‍ കാരനമായതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹീന്ദ രാജപക്സെ ഇന്ത്യയ്ക്കെതിരെ ചൈനയുമായി കൂടുതല്‍ അടുത്തതാണ് കടും‌കൈ ചെയ്യാന്‍ ഇന്ത്യ ഇത്തരത്തില്‍ നിക്കം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയുടെ രണ്ട് അന്തര്‍വാഹിനികളെ ലങ്കയില്‍ നങ്കൂരമിടുന്നതിന് രാജപക്സെ അനുവദിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ അനുവാദം ചോദിക്കണമെന്ന് ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കിയിട്ടും ആ ധാരണ ലംഘിച്ചത് ഇന്ത്യയുടെ അപ്രീതിക്ക് കാരണമായെന്നാണ് സൂചന.

രാജപക്സെയെ തോല്‍പ്പിച്ച പുതിയ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി ഒരു റോ ഉദ്യോഗസ്ഥന്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. രാജപക്സെയുടെ പക്ഷത്തു നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കുന്നതിനു ഇദ്ദേഹം സഹായിച്ചു. മുന്‍ പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗെ, മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരെ റോ എജന്‍്റ് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് മൈത്രീപാല സിരിസേനയെ, രാജപക്സെയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവയ്പിച്ച് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഈ ഉദ്യോഗസ്ഥന്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും പത്രം പറയുന്നു.

റോയുടെ കൊളംബോ യൂണിറ്റിലെ ഉദ്യോഗസ്ഥനായ ഇയാളെ പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് അയാളെ ഡിസംബറില്‍ ശ്രീലങ്ക പുറത്താക്കിയിരുന്നു. അതേസമയം ഉദ്യോഗസ്ഥനെ പുറത്താക്കി എന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ മാറ്റുന്ന രീതി ഉണ്ടെന്നും അതില്‍ അസ്വാഭാവികമായി യാതൊന്നും ഇല്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കഴിഞ്ഞ നവംബറില്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ രാജപക്സെയുടെ സഹോദരനും പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഗോട്ടബയ രാജപക്സെ റാ ഉദ്യോഗസ്ഥനെ കുറിച്ച് പരാതിപ്പെട്ടിരുന്നു.

അതേസമയം തന്റെ തോല്‍വിയില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായോ എന്ന കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ രാജപക്സെ വിസമ്മതിച്ചു. യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ ആരെയും സംശയിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ രാജപക്സെയ്ക്കെതിരെ വിദേശത്ത് നിന്ന് ശക്തമായ പ്രചരണം നടന്നതിന് സൂചനകളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറഞ്ഞു.

ലങ്കയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ചൈനീസ് പദ്ധതികള്‍ റദ്ദാക്കുമെന്നും ആ രാജ്യവുമായി ഒപ്പുവച്ച കരാറുകള്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പ്രസ്താവന നടത്തിയത് കൂടി ചേര്‍ത്തു വായിച്ചാല്‍ രാജപക്സെയുടെ തോല്‍വിയില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കൂടുതല്‍ വ്യക്തമാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. രാജപക്സെ എട്ടു കൊല്ലത്തിനിടയില്‍ ഏഴു തവണയാണ് ചൈന സന്ദര്‍ശിച്ചത്. മേഖലയില്‍ ഇന്ത്യക്ക് ഏറ്റവും ഭീഷണിയായ രാജ്യവുമായുള്ള ഈ അടുപ്പം ഇന്ത്യ അതീവ ഗൗരവമായി എടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ അത് സമര്‍ഥമായി പ്രവര്‍ത്തിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :