ഡാലസ്|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (09:38 IST)
അമേരിക്കയില്‍ എബോള രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെട്ട വ്യക്തി മരണമടഞ്ഞു. നൈജീരിയന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ തോമസ് എറിക്കാണ് ബുധനാഴ്ച രാവിലെ എബോളയ്ക്ക് കീഴടങ്ങിയത്. ഇതോടെ അമേരിക്കയിലും രോഗം മരണഭീതി വിതയ്ക്കുകയാണ്. ഡന്‍കാനില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്താകെ ഭീതി ഉയര്‍ന്നിരുന്നു. ഇതുവരെ ആറ് അമേരിക്കക്കാരില്‍ എബോള സ്ഥിരീകരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഡാലസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരണപ്പെട്ട തോമസ് എറിക്‍. കഴിഞ്ഞ സെപ്‌റ്റംബര്‍ 20നാണ് ടെക്സാസില്‍ വെച്ച് ഇയാള്‍ക്ക് എബോള വൈറസ് ബാധ നിര്‍ണയിക്കപ്പെട്ടത്. ലൈബീരിയയില്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ടെക്സാസിലെത്തിയതായിരുന്നു ഇദ്ദേഹം.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച എബോള ഇതുവരെ 3439 പേരുടെ ജീവനെടുത്തു. പടിഞ്ഞാറന്‍ ആഫ്രിക്ക,
അമേരിക്ക എന്നിവിടങ്ങളിലായി 7492 പേരിലാണ് എബോള ബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗിനിയയിലാണ് എബോള ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സമീപരാജ്യങ്ങളായ ലൈബീരിയയിലേക്കും സിയറ ലിയോണിലേക്കും പടര്‍ന്നു. സിയറ ലിയോണില്‍ കഴിഞ്ഞ ശനിയാഴ്ച മാത്രം 121 എബോള ബാധിതര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.