ഇന്ത്യയ്ക്ക് 200 ആണവ പോര്‍മുനകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്, സ്വയം പേടിക്കുന്ന കണക്കുമായിപാകിസ്ഥാന്‍

ഇസ്‌ലാമാബാദ്| VISHNU N L| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (13:41 IST)
ഇന്ത്യയുടെ ആണവായുധ ശേഷിയുടെ കാര്യത്തിൽ രാജ്യാന്തര രംഗത്തെ കണക്കുകളെ അതിശയിക്കുന്ന റിപ്പോര്‍ട്ടുമായി പാകിസ്ഥാന്‍. ഇന്ത്യയ്ക്ക് 2000 ലധികം ആണവ പോർമുനകൾ നിർമിക്കുന്നതിനുള്ള ശേഷി ഉണ്ടെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ദേശീയ നയരൂപീകരണത്തിനുള്ള സമിതിയായ ദ് നാഷണൽ കമാൻഡ് അതോറിറ്റി(എൻസിഎ)യാണ് ഇക്കാര്യം പറയുന്നത്.

ആണവ റിയാക്ടറുകളിലായാലും ആയുധ നിർമാണത്തിന് സഹായിക്കുന്ന പ്ലൂട്ടോണിയത്തിന്റെ കാര്യത്തിലും 2000ൽ അധികം ആയുധങ്ങൾ നിർമിക്കുന്നതിനുള്ള ശേഷിയാണ് ഇന്ത്യയ്ക്കുള്ളതെന്നാണ് (എൻസിഎ) റിപ്പോര്‍ട്ട്. ഇന്ത്യയുടെ പക്കല്‍ 90 ആണവ പോര്‍മുനകള്‍ മാത്രമാണുള്ളത് എന്നാണ് അന്താരാഷ്ട്ര കണക്ക്. ആണവായുധം നിര്‍മ്മിക്കുന്ന കാര്യത്തില്‍ സ്വയം മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയുമാണ്.

ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയ എൻസിഎ യോഗം ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളിലും ആയുധ സാങ്കേതിക വിദ്യകളേക്കുറിച്ചും പരാമര്‍ശമുണ്ടായി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുടെ കരുതൽ ആയുധ ശേഖരത്തിലുണ്ടാകുന്ന വർധനയിൽ യോഗം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ദക്ഷിണേഷ്യയിൽ സുരക്ഷാ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റങ്ങളെ രാജ്യം ശ്രദ്ധാപൂർവം വീക്ഷിച്ചുവരികയാണെന്നും ദേശീയ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ മുൻകരുതലുകളും കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായി.

പ്രധാനമന്ത്രി നവാസ് ഷരീഫ് ആധ്യക്ഷം വഹിച്ച യോഗത്തിലാണ് ഈ വിലയിരുത്തലുകൾ ഉണ്ടായിരിക്കുന്നത്. ഷരീഫിന് പുറമെ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, ധനമന്ത്രി ഇസഹാഖ് ദാർ, ആഭ്യന്തര മന്ത്രി ചൗധരി നിസാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :