Last Modified ഞായര്‍, 3 മാര്‍ച്ച് 2019 (18:27 IST)
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. സിഎൻഎൻ ന്യൂസ് 18 ചാനലാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയിലാണ് മസൂദ് അസറെന്നും ആരോഗ്യനില തീരെ മോശമായതിനാൽ ദിവസവും ഡയാലിസിസ് നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ന് ഉച്ച മുതലാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. പാക് സമൂഹമാധ്യമങ്ങളിലാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ എവിടെയും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. വൈകിട്ടോടെ ചില ദേശീയ മാധ്യമങ്ങളും ഈ വാർത്ത പുറത്തുവിട്ടു. എന്നാൽ പാക് സൈന്യമോ, സർക്കാരോ ഇക്കാര്യത്തിൽ ഒരു വിശദീകരണമോ സ്ഥിരീകരണമോ നൽകിയിട്ടില്ല.
വൃക്കകൾ തകരാറിലായതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു മസൂദ് അസർ. അസറിന് എഴുന്നേറ്റ് നടക്കാൻ പോലും വയ്യെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.