ബീജിംഗ്|
jibin|
Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (14:38 IST)
ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി
ഉത്തരകൊറിയ അറിയിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ചൈനീസ് ഭൂകമ്പശാസ്ത്രജ്ഞർ രംഗത്ത്.
കഴിഞ്ഞ വർഷം നടന്ന അതിശക്തമായ പരീക്ഷണത്തിനിടെ മാണ്ടപ്സനെ പർവതത്തിൽ സ്ഥാപിച്ചിരുന്ന പരീക്ഷണ കേന്ദ്രം തകര്‍ന്നതാണ് ആണവ – ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നിർത്തുന്നുവെന്ന ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നിലപാടിന് കാരണമെന്നാണ്
ചൈന വ്യക്തമാക്കുന്നത്.
ശക്തമായ പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിരുന്ന മാണ്ടപ്സനെയിലെ പങ്‌ങ്ങ്യു – റിയിലെ കേന്ദ്രത്തില്‍ 2017 സെപ്റ്റംബർ മൂന്നിന് നടത്തിയ ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണം ശക്തമായ ആഘാതമാണുണ്ടാക്കിയത്. ഇതിനു പിന്നാലെ മണ്ണിടിച്ചിലും ഭൂകമ്പങ്ങളും ഈ പ്രദേശത്ത് പതിവാകുകയും തുടര്‍ന്ന് മാണ്ടപ്സനെ പർവതത്തിലെ പരീക്ഷണ കേന്ദ്രം തകരുകയുമായിരുന്നെന്ന് ചൈന പറയുന്നു.
പങ്‌ങ്ങ്യു – റിയിലെ പരീക്ഷണ കേന്ദ്രം തകര്‍ന്നതോടെയാണ് ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി വടക്കന്‍ കൊറിയ അറിയിച്ചതെന്നുമാണ് ചൈനീസ് ഭൂകമ്പശാസ്ത്രജ്ഞർ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി മീറ്റിംഗിന് ശേഷമാണ് പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായി കിം അറിയിച്ചത്. വടക്കന്‍ കൊറിയയുടെ നിര്‍ണായക ചുവടുവയ്പ്പിനെ അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പ്രശംസിച്ചിരുന്നു.
എല്ലാ ആണവ പരീക്ഷണങ്ങളും തത്കാലത്തേക്കു നിർത്തിവയ്ക്കാനും പ്രധാന പരീക്ഷണ ശാലകൾ അടച്ചിടാനും ഉത്തര കൊറിയ സമ്മതിച്ചതായി അറിയിച്ചെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു.