നേപ്പാൾ ദുരന്തം; മരണസംഖ്യ 547 ആയി
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെയുള്ള വിവരമനുസരിച്ച് മരണസംഖ്യ 543 ആയി. 1,500 ലേറെ പേരെ കാണാനില്ല.
വീണ്ടും മിന്നൽ പ്രളയമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു. ഭോടെ കോസി നദിയിൽ പ്രളയത്തെത്തുടർന്ന് പുതുതായി ഒരു മൺതിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഈ മൺതിട്ട ഒലിച്ചുപോകുന്നതോടെ നദിയിലെ ജലനിരപ്പ് ഉയരാനും വീണ്ടും ഒരു പ്രളയം ഉണ്ടാകാനും സാധ്യതയുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങി. സ്ഥലത്ത് അധികൃതർ വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
തടാകം പൊട്ടി പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. തടാകത്തിലെ ജലനിരപ്പ് 25 ലക്ഷം ക്യുബിക് മീറ്ററിലധികം ഉയർന്നതായി ചൈനീസ് അധികൃതർ അറിയിച്ചു.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തിയേക്കാം. 7,400ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ അയയ്ക്കാമെന്ന വിവിധ രാജ്യങ്ങളുടെ വാഗ്ദാനം നേപ്പാൾ നിരസിച്ചു. രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് ഈ പ്രവർത്തനം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.