നേപ്പാള്‍ സൈന്യം 88 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി; സഹായത്തിനായി 11 അംഗ ഇന്ത്യന്‍ സംഘം എത്തി
ഓഗസ്റ്റ് 26-ലെ വെള്ളപ്പൊക്കത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേപ്പാളിനെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 11 അംഗ പ്രത്യേക സംഘം റസുവ ജില്ലയില്‍ എത്തി. നേപ്പാള്‍ സൈന്യം അപ്പര്‍ ത്രിശൂലി മേഖലയിലെ വിവിധ തുരങ്ക പദ്ധതികളില്‍ നിന്ന് ഇതുവരെ 88 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ചെളി നിറഞ്ഞ റസുവയിലെ ത്രിശൂലി 3 'എ' ജലവൈദ്യുത പദ്ധതിയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുരങ്ക കവാടം കുഴിക്കുന്ന ജോലിയില്‍ നേപ്പാള്‍ സൈന്യം, നേപ്പാള്‍ സായുധ പോലീസ്, നേപ്പാള്‍ പോലീസ് എന്നിവരില്‍ നിന്നുള്ള 82 പേരുടെ സംയുക്ത സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച വൈകുന്നേരം എക്സില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള സംഘം എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായം നല്‍കുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
അതേസമയം, നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു പത്രസമ്മേളനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കുകയും നേപ്പാള്‍ വിദേശ സഹായം നിരസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ''നേപ്പാള്‍ അന്താരാഷ്ട്ര സഹായവും പിന്തുണയും നിരസിച്ചതായി ദേശീയ, വിദേശ മാധ്യമങ്ങളില്‍ ചില തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത് ഞങ്ങള്‍ കണ്ടു. നാശത്തിന്റെ വ്യാപ്തി വളരെ വലുതാണ്, രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ഘട്ടത്തില്‍ മാത്രമല്ല, പുനര്‍നിര്‍മ്മാണ ഘട്ടത്തിലും പിന്തുണയും സഹായവും ആവശ്യമാണ്.-അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ കൂടാതെ, തുരങ്ക രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ചൈനയില്‍ നിന്നുള്ള ഒരു പ്രത്യേക സംഘവും എത്തിയിട്ടുണ്ട്.