രേണുക വേണു|
Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (16:29 IST)
Nepal Protests: സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനു പിന്നാലെ നേപ്പാളില്‍ ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവെച്ചു. പ്രക്ഷോഭം രണ്ടാം ദിവസത്തേക്ക് എത്തിയതോടെ ഗത്യന്തരമില്ലാതെയാണ് പ്രധാനമന്ത്രിയുടെ രാജി.
സമൂഹമാധ്യമങ്ങള്‍ക്കു ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം അവസാനിച്ചിട്ടില്ല. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികള്‍ക്കു തീയിട്ടു. പ്രക്ഷോഭകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജിവെച്ച ശര്‍മ ഒലി കഠ്മണ്ഡു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭത്തില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചു. 400 ലേറെ പേര്‍ക്ക് പരുക്കേറ്റു.
നേപ്പാളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. കഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെട്ടു.