അഫ്ഗാന്‍ യുദ്ധത്തില്‍ നിന്ന് നാറ്റോ പിന്‍വാങ്ങി; ഇനി പിന്തുണ മാത്രം

കാബൂള്‍| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (09:10 IST)
അഫ്ഗാനിസ്ഥാനിലെ 13 വര്‍ഷം നീണ്ടു നിന്ന യുദ്ധം നാറ്റോ ഔദ്യോഗികമായി അവസാനിപ്പിച്ചു. താലിബാന്‍ ആക്രമണത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വളരെ രഹസ്യമായിരുന്നു യുദ്ധം അവസാനിപ്പിക്കുന്ന ചടങ്ങുകള്‍. കാബൂളിലെ നാറ്റോ ആസ്ഥാനത്ത് യു.എസ് ജനറല്‍ ജോണ്‍ കാംപ്ബെല്ലിന്‍െറ നേതൃത്വത്തിലായിരുന്നു അധികാര കൈമാറ്റം. അഫ്ഗാനെ നിരാശയില്‍നിന്നും ഇരുട്ടില്‍നിന്നും പ്രതീക്ഷയിലേക്ക് നയിക്കാനായതായി അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് നമ്മള്‍ അഫ്ഗാന്‍ ജനതയെ നിരാശയുടെ ഇരുട്ടില്‍ നിന്നും കരകയറ്റി. അവര്‍ക്ക്
ഭാവിയെക്കുറിച്ച് ആശ പകര്‍ന്നു നല്‍കി.
ചടങ്ങില്‍ സംസാരിക്കവേ നാറ്റോ കമാന്‍ഡര്‍ യു എസ് ജനറല്‍ ജോണ്‍ കാംപല്‍ പറഞ്ഞു. രാജ്യം കടുത്ത അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ 13 വര്‍ഷങ്ങളെ സാക്ഷിയാക്കിയാണ് ഡിസംബര്‍ 31നുശേഷം നാറ്റോ സൈനിക നടപടികളില്‍നിന്ന് പരിശീലന ദൗത്യത്തിലേക്ക് ചുവടുമാറുന്നത്. രാജ്യത്തെ സൈനിക നടപടികളുടെ മേല്‍നോട്ടം ഇനിമുതല്‍ അഫ്ഗാന്‍ സര്‍ക്കാറിനാകും. അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം, താലിബാന്‍ വിരുദ്ധ നീക്കം എന്നിവയുടെ ചുമതല നാറ്റോ സൈന്യവും നിര്‍വഹിക്കും.

ഇതു പ്രകാരം 12,500 ഓളം വരുന്ന വിദേശ സൈന്യം നേരിട്ടുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറും. പകരം താലിബാനുമായുള്ള യുദ്ധത്തില്‍ അഫ്ഗാന്‍ സൈന്യത്തെ പിന്താങ്ങും. 2001 മുതലുള്ള യുദ്ധത്തില്‍ യു എസ് നയിക്കുന്ന ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സിന്റെ (ഇസാഫ്) 3,485 ഭടന്മാരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. സൈന്യം പിന്മാറുന്നതോടെ സുരക്ഷാ ചുമതല ഇനി മുതല്‍ മൂന്നര ലക്ഷം വരുന്ന അഫ്ഗാന്‍ സേനക്കായിരിക്കും. രൂക്ഷമായ ആഭ്യന്തര കലഹവും പോരാട്ടവും തുടരുന്ന സാഹചര്യത്തില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത അഫ്ഗാന്‍ സൈന്യത്തിന് യഥാവിധി നിയന്ത്രണമേറ്റെടുക്കാനാവുമോ എന്ന സംശയം ബാക്കിയാണ്.

ഇറാഖിലേതിനു സമാനമായി അഫ്ഗാനിലും നാറ്റോ പിന്മാറ്റത്തോടെ സമ്പൂര്‍ണ അരാജകത്വമാകും സംഭവിക്കുകയെന്ന് ഭയക്കുന്നവര്‍ അനവധി. അമേരിക്കന്‍ പിന്മാറ്റത്തോടെ ഇറാഖിലെ വിവിധ പ്രവിശ്യകളുടെമേല്‍ ബഗ്ദാദിലെ സര്‍ക്കാറിന് നിയന്ത്രണം നഷ്ടമായിരുന്നു. ഇതേപോലെ അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കുമോ എന്നാണ് ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാത്രമല്ല ദക്ഷിണേഷ്യയെ മുഴുവന്‍ ബാധിക്കുന്ന സുരക്ഷാ പ്രശ്നമായി വളരാന്‍ സാധ്യതയുള്ളതായി കരുതപ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :