ബുള്ളറ്റ് ട്രയിന്‍, സ്മാര്‍ട്ട്‌സിറ്റി, വിദേശനിക്ഷേപം; ജപ്പാനെ കൈയ്യിലെടുത്ത് മോഡി

മോഡി, ജപ്പാന്‍, വിദേശനിക്ഷേപം
ടോക്യോ| VISHNU.NL| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (13:28 IST)
പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി ഉഭയകക്ഷി സന്ദര്‍ശനത്തിനായി എത്തിയ ജപ്പാനിലെ വ്യവസായ ലോകത്തേ കൈയ്യിലെടുത്ത് മോഡി ജപ്പാനില്‍ താരമാകുന്നു. ആദ്യ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ജപ്പാന്‍ വ്യവാസായികളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിനായി ക്ഷണിച്ചുകൊണ്ട് മോഡി കരുക്കള്‍ നീക്കിത്തുടങ്ങി.

ജപ്പാന്‍ സഹായത്തോടെ ഇന്ത്യയില്‍ നൂറ് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യാപാരം 100 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ തത്വത്തില്‍ തീരുമാനമായി.

അഹമ്മദാബാദ്-മുംബൈ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും മോഡിയുടെ സന്ദര്‍ശനത്തില്‍ നടക്കും. കൂടാതെ പ്രതിരോധ മേഖലയിലും വിദ്യാഭ്യാസമേഖലയിലും സഹകരണത്തിനും ഇരു രാജ്യങ്ങളും തയ്യാറായേക്കും.

ഇന്ത്യയിലെ ബാങ്കിങ് രംഗത്ത് നിക്ഷേപിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് ജപ്പാനിലെ നിക്ഷേപകര്‍ കരുതുന്നത്. നിക്ഷേപാനുകൂല സാഹചര്യം ഒരുക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോഡി നേരത്തെ പറഞ്ഞിരുന്നു.

ഡല്‍ഹി - മുംബൈ വ്യവസായ ഇടനാഴിയുടെ നിര്‍മ്മാണത്തില്‍ മുഖ്യ സഹകാരികളായായുള്ളത് ജപ്പാനാണ്. ഇപ്പോഴത്തെ സന്ദര്‍ശനത്തോടെ ചെന്നൈ-ബാംഗ്ലൂര്‍ കോറിഡോറിന്റെ നിര്‍മ്മാണത്തിലും നിക്ഷേപം നടത്താന്‍ അവസരം കിട്ടുമെന്ന് ജപ്പാന്‍ വ്യവസായികള്‍ കരുതുന്നു.

വ്യാപാര വര്‍ധനവിനായി ജപ്പാനിലെ വന്‍കിട കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസും ഇന്ത്യന്‍ ബിസിനസ് കോര്‍പ്പറേഷന്‍ കമ്മിറ്റിയും സംയുക്തമായുള്ള ചര്‍ച്ചകളും നടത്തും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :