ധാക്ക|
VISHNU N L|
Last Updated:
ശനി, 6 ജൂണ്‍ 2015 (15:29 IST)
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഊഷ്മള സ്വീകരണം. ഇന്ത്യന്‍ വായൂസേനയുടെ രാജ്ദൂത് വിമാനത്തില്‍ ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ മോഡിയെ പ്രോട്ടോക്കോള്‍ മറികടന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണറോടെയാണ് പ്രധാമന്ത്രിയെ ബംഗ്ലാദേശ് വരവേറ്റത്. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങളും സ്വീകരണച്ചടങ്ങില്‍ മുഴങ്ങി.
ഇന്ത്യയിലെ ജനങ്ങളുടെ നന്‍മയും സ്‌നേഹവും കൊണ്ടാണ് താന്‍ ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശനത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലാകുമെന്ന് ഷെയ്ഖ് ഹസീനയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗോഹര്‍ റിസ് വി പറഞ്ഞു.
റെയില്‍, റോഡ്, ജലഗതാഗതം മെച്ചപ്പെടുത്തുക, സുരക്ഷാ സഹകരണം വിപുലമാക്കുക തുടങ്ങിയവയാകും മോഡിയുടെ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. ധാക്ക വഴിയുള്ള കൊല്‍ക്കത്ത-അഗര്‍ത്തല ബസ് സര്‍വീസും ധാക്ക-ഷില്ലോങ് -ഗുവാഹത്തി ബസ് സര്‍വീസും മോദിയും ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കപ്പല്‍ഗതാഗത ഉടമ്പടിയുള്‍പ്പെടെ വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
മോഡിയോടൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബംഗ്ലാദേശിലെത്തിയിട്ടുണ്ട്. അതിര്‍ത്തി പുനര്‍ നിര്‍ണയ കരാര്‍, ടിസ്ത നദീജലം പങ്കിടുന്ന കരാര്‍ ഉള്‍പ്പടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് വിവരമുണ്ട്.