ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; മരണം 80 ആയി

ഗാസ സിറ്റി| Last Modified വെള്ളി, 11 ജൂലൈ 2014 (08:42 IST)
ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു. വ്യാഴാഴ്ച അഞ്ചുകുട്ടികളുള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 80 ആയി.

ഹമാസിനെതിരേ കരയുദ്ധം ഉടന്‍ ഉണ്ടായേക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് മുന്നറിയിപ്പ് നല്‍കി. 40,000 പട്ടാളത്തെക്കൂടി മേഖലയില്‍ വിന്യസിക്കാന്‍ സൈനിക മേധാവികള്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കി. വടക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ബെയ്ത് ലെഹിയ എന്നീ നഗരങ്ങളിലാണ് ഇസ്രായേല്‍ വ്യോമാക്രമണം ഏറ്റവും നാശം വിതച്ചത്. ഖാന്‍ യൂനിസിലെ ഹോട്ടലിന് നേരേയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.

വ്യാഴാഴ്ച മാത്രം 300 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 750 കവിഞ്ഞു.

2012-ല്‍ എട്ടുദിവസം നീണ്ട യുദ്ധത്തിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് സമീപദിവസങ്ങളിലേത്. കഴിഞ്ഞമാസം മൂന്ന് ഇസ്രായേല്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഇതിനുപിന്നാലെ പലസ്തീന്‍ ബാലനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇതാണ് സംഘര്‍ഷം ശക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :