‘ദൈവം മാന്ത്രികനല്ല‘; സഭയേ ഞെട്ടിച്ച് വീണ്ടും മാര്‍പാപ്പ

മാര്‍പാപ്പ, കത്തോലിക്കാ സഭ, മഹാവിസ്‌ഫോടന സിദ്ധാന്തം
റോം| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (08:51 IST)
കത്തോലിക്കാ സഭയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ദശകങ്ങളായി സഭ വച്ചുപുലര്‍ത്തിയിരുന്ന പ്രപഞ്ചോല്‍പ്പത്തിയേപ്പറ്റിയും പരിണാ‍മ വാദത്തേപ്പറ്റിയുമുള്ള വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞു. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള കത്തോലിക്കാസഭയിലെ പരമ്പരാഗത നിലപാടുകളെ തള്ളിപ്പറഞ്ഞ മാര്‍പാപ്പ മഹാവിസ്‌ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്നും പരിണാമ വാദം ശരിയാണെന്നുമാണ് നിലപാടെടുത്തിരിക്കുന്നത്.

പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ആധുനികശാസ്ത്ര സിദ്ധാന്തമായ മഹാവിസ്‌ഫോടനവും ജീവോല്‍പത്തി വിശദീകരിക്കുന്ന പരിണാമവാദവും ശരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ട പോപ്പ് ഇവയില്‍ തെറ്റായി ഒന്നു തന്നെയില്ലെന്നും എന്നാല്‍, അവ ദൈവത്തെയും സൃഷ്ടിവാദത്തെയും നിരാകരിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു. ദൈവം മാന്ത്രികനാണെന്നും മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്നതരത്തിലുമുള്ള ഉത്പത്തിയുടെ പുസ്തകത്തിലെ വ്യാഖ്യാനം ശരിയല്ലെന്ന
വിപ്ലവകരമായ നിലപാടും മാര്‍പാപ്പ വ്യക്തമാക്കി.

1850കളുടെ അവസാനം ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലം മുതലേ സഭ ഈ സിദ്ധാന്തത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രപഞ്ചോല്‍പ്പത്തിക്കു കാരണം മഹാ വിസ്ഫോടനമാണെന്ന വാദം സഭ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഈ സിദ്ധാന്തങ്ങളെയെല്ലാം തള്ളി പരിണാമവാദവും സൃഷ്ടിവാദവും പരസ്പര പൂരകങ്ങളാണെന്ന നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവെക്കുന്നത്. അതേസമയം, പാരമ്പര്യമായി തുടരുന്ന ദൈവസങ്കല്‍പവും മാറേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സൃഷ്ടിയുടെ കാരണത്തെ പരിണാമവാദം ഇല്ലാതാക്കുന്നില്ല എന്നാണ് പോപ്പിന്റെ നിലപാട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :