ഏറ്റവും വലിയ ദു:ഖം ഡയാന രാജകുമാരിക്കൊപ്പം ഡേറ്റ് ചെയ്യാന്‍ കഴിയാത്തത്; ഹസ്തദാനത്തെ ഭയക്കുന്ന പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ അറിയാക്കഥകള്‍ രസകരം തന്നെ

ഹസ്തദാനത്തെ ഭയക്കുന്ന പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ അറിയാക്കഥകള്‍ രസകരം തന്നെ

വാഷിംഗ്‌ടണ്‍| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (15:40 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയം നേടി. ഹിലരി ക്ലിന്റണ്‍ വിജയിക്കുമെന്ന സര്‍വ്വേഫലങ്ങളെയും ആദ്യതെരഞ്ഞെടുപ്പു ഫലങ്ങളെയും കാറ്റില്‍ പറത്തിയാണ് ട്രംപ് വിജയം സ്വന്തമാക്കിയത്.

ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ നിന്ന് 538 സെനറ്റര്‍മാരാണ് ഇന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയോടെ മാജിക് സംഖ്യയായ 270 ട്രംപ് കടന്നിരുന്നു. എന്നാല്‍, ട്രംപ് പ്രസിഡന്റ് ആകുമ്പോള്‍ ആശങ്കയോടെ നോക്കുന്നവര്‍ അമേരിക്കയിലും അന്തര്‍ദ്ദേശീയ തലത്തിലും ഉണ്ട്. ചിലരുടെ മനസ്സില്‍ ഒരുപാട് പണമുള്ള ഒരു വ്യവസായി, മറ്റു ചിലരുടെ മനസ്സില്‍ സ്ത്രീലമ്പടനായ ഒരു പണക്കാരന്‍, വേറെ ചിലരുടെ മനസ്സില്‍ വംശീയത മനസ്സില്‍ കുത്തിനിറച്ചിട്ടുള്ള ഒരാള്‍, എന്നാല്‍, ട്രംപ് ഒരു എഴുത്തുകാരനാണെന്ന് എത്രപേര്‍ക്ക് അറിയാം. ബെസ്റ്റ് സെല്ലറായ രണ്ടു പുസ്തകങ്ങള്‍ ട്രംപ് എഴുതിയിട്ടുണ്ട്, ടെലിവിഷനില്‍ അവതാരകനായിട്ടുണ്ട് അങ്ങനെ ആരും അറിയാത്ത ചില സവിശേഷതകളും ട്രംപിന് ഉണ്ട്.

ആദ്യം റിഫോം പാര്‍ട്ടിയില്‍ ചേര്‍ന്ന ട്രംപ് പിന്നീട് ഈ പാര്‍ട്ടി വിടുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെതിരെയുള്ള ആരോപണങ്ങളെ പോലെ തന്നെ ട്രംപിന്റെ പ്രസ്താവനകളും വിവാദമായിരുന്നു. തെരഞ്ഞെടുപ്പുഫലം തനിക്ക് എതിരാണെങ്കില്‍ അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇനി അങ്ങനെയൊരു സാഹസം വേണ്ട. വ്യവസായിയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായനുമാണെന്നാണ് ട്രംപിനെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് എന്നപോലെ എല്ലാവര്‍ക്കും അറിയാവുന്നത്. എന്നാല്‍, അതിനുമപ്പുറം ഉണ്ട് ട്രംപ് കഥകള്‍

ട്രംപിനെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍;

ഒരിക്കല്‍ പോലും ട്രംപ് സിഗരറ്റ് വലിച്ചിട്ടില്ല, മദ്യപിച്ചിട്ടില്ല, ലഹരി പദാര്‍ത്ഥങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. ട്രംപിന്റെ മൂത്ത സഹോദരന്‍ ഫ്രെഡ് കുറേ വര്‍ഷങ്ങള്‍ മദ്യപാനി ആയിരുന്നു. അമിതമായ മദ്യപാനം ഫ്രെഡിന്റെ മരണത്തിനു തന്നെ കാരണമായി. ഇതു തന്നെയാണ് ട്രംപിനെ മദ്യപാനത്തില്‍ നിന്ന് അകറ്റിയതും.

എന്നാല്‍, ഒരിക്കലും മദ്യപിക്കാത്ത ട്രംപ് 2006ല്‍ തന്റെ തന്നെ ഒരു വോഡ്‌ക ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചു. ‘മികച്ച ഉല്പന്നം, മനോഹരമായി പൊതിഞ്ഞ്’ എന്നായിരുന്നു ട്രംപ് തന്റെ വോഡ്‌കയെ വിശദീകരിച്ചത്. എന്നാല്‍, ട്രംപ് രുചി പോലും നോക്കാതിരുന്ന വോഡ്‌ക ഉപഭോക്താക്കളും സ്വീകരിച്ചില്ല. വില്പനരംഗത്ത് മികവ് തെളിയിക്കാത്തതിനെ തുടര്‍ന്ന് ട്രംപ് വോഡ്കയുടെ ഉല്പാദനം 2011ല്‍ നിര്‍ത്തുകയും ചെയ്തു.

ചെറുപ്പത്തില്‍ അച്ചടക്കമില്ലാതിരുന്ന, ആക്രമണസ്വഭാവമുള്ള ട്രംപിനെ മാതാപിതാക്കള്‍ മിലിട്ടറി സ്കൂളില്‍ അയച്ചു. ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയില്‍ ആണ് മാതാപിതാക്കള്‍ ട്രംപിനെ അയച്ചത്. പതിമൂന്നാം വയസ്സില്‍ മകനെ മിലിട്ടറി സ്കൂളില്‍ അയച്ചതിന്റെ പ്രധാനകാരണം മകന്‍ അച്ചടക്കം പരിശീലിക്കുക എന്നത് ആയിരുന്നു. 1964ല്‍ ട്രംപ് ബിരുദധാരിയായി.

പ്രസിഡന്റ് ഒബാമയുടെ ജനനസ്ഥലത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ത്തിക്കൊണ്ടുവന്ന ‘ബെര്‍തെര്‍’ മൂവ്‌മെന്റില്‍ സജീവപങ്കാളി ആയിരുന്നു ഡൊണാള്‍ഡ് ട്രംപ്. 2014ല്‍ ഒബാമ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ‘ജനനസര്‍ട്ടിഫിക്കറ്റ് എന്ന് പറയുന്ന എന്തോ ഒന്ന്’ എന്നായിരുന്നു ട്രംപ് അതിനു നല്കിയ വിശദീകരണം.

ജെര്‍മിഫോബിയ (എല്ലായിടത്തും കീടാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന ഭയം) എന്ന അവസ്ഥയ്ക്ക് അടിമയാണ് ട്രംപ്. അതുകൊണ്ടു തന്നെ, ഹസ്തദാനം ചെയ്യുന്നത് ട്രംപ് ഇഷ്‌ടപ്പെടുന്നില്ല. എപ്പോഴെങ്കിലും ഹസ്തദാനം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അവരെ തന്റെ അടുത്തേക്ക് നീക്കി നിര്‍ത്താന്‍ ശ്രമിക്കുകയായിക്കും ട്രംപ് ചെയ്യുക.

ട്രംപിന്റെ ഏറ്റവും വലിയ ദു:ഖങ്ങളില്‍ ഒന്ന് ഡയാന രാജകുമാരിയുമായി ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ്. 1996ല്‍ ചാള്‍സ് രാജകുമാരനില്‍ നിന്ന് ഡയാന വിവാഹമോചിതയായ ശേഷം അവര്‍ക്കൊപ്പം ഡേറ്റ് ചെയ്യാന്‍ ടണ്‍ കണക്കിന് പൂക്കളാണ് ട്രംപ് അയച്ചത്. എന്നാല്‍, ഒന്നിനും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ‘ദി ആര്‍ട്ട് ഓഫ് ദ കംബാക്ക്’ എന്ന തന്റെ പുസ്തകത്തില്‍ ട്രംപ് ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ‘സ്ത്രീവിഷയത്തില്‍ എനിക്ക് ഒരേയൊരു ദു:ഖമേയുള്ളൂ. ഡയാന രാജകുമാരിക്കൊപ്പം ഡേറ്റ് ചെയ്യാന്‍ കഴിയാത്തതില്‍ ആണത്. ചില പരിപാടികളില്‍ വെച്ച് അവരെ കണ്ടിട്ടുണ്ട്. അവര്‍ ശുദ്ധഗതിക്കാരിയായ രാജകുമാരി ആയിരുന്നു, ഒരു സ്വപ്നസുന്ദരി’ - ട്രംപ് പറയുന്നു.

ഓരോ മാസവും ട്വിറ്ററില്‍ ട്രംപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. 67, 000 പുതിയ ഫോളോവേഴ്സിനെയാണ് ഓരോ മാസവും ട്രംപിന് ട്വിറ്ററില്‍ ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കാര്യത്തിലും ട്രംപ് സ്മാര്‍ട് ആണ്. മാസം ഏറ്റവും കുറഞ്ഞത് 372 ട്വീറ്റുകള്‍ എങ്കിലും ഉണ്ടാകും, അതായത് ഒരു ദിവസം 12 എണ്ണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :