വെള്ളത്തിന് നമ്മുടെ സൂര്യനേക്കാള്‍ പ്രായമുണ്ട്!

വാഷിംഗ്ടണ്‍| VISHNU.NL| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (18:02 IST)
സൌരയുഥത്തിലെ ഈ നീല ഗ്രഹത്തില്‍ ജീവന് ഉണ്ടായതും അതിന്റെ പരിണാമത്തിലും ഇപ്പോള്‍ നില നില്‍ക്കുന്നതിലും അടിസ്ഥാനമായി വര്‍ത്തിച്ചത് ജലമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഭൂമിയിലും സൌരയുഥത്തിലും ഇപ്പോള്‍ കാണപ്പെടുന്ന ജലം അത് സൂര്യനേക്കാള്‍ പ്രായമേറിയതാനെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്.

നക്ഷത്രങ്ങളുടെ ഇടയിലുള്ള ശൂന്യതയില്‍ രൂപം കൊണ്ട മഞ്ഞുപാളികളാണ് സൗരയൂഥത്തിലെ ജലത്തിന്റെ ഉറവിടമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പഠനറിപ്പോര്‍ട്ട് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

ആദ്യകാലത്ത് സൂര്യനു ചുറ്റുമുണ്ടായിരുന്ന സ്ഥലം സോളാര്‍ നെബുല എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്നുമാണ് ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ രൂപം കൊണ്ടത്. സോളാര്‍ നെബുലയിലെ മഞ്ഞിനെക്കുറിച്ചായിരുന്നു ശാസ്ത്രലോകത്തിന്റെ സംശയം. സൂര്യന്‍ അംഗമായിരിക്കുന്ന നക്ഷത്രകുടുംബത്തില്‍ നിന്നാണോ ഈ വെള്ളം സൗരയൂഥത്തിന് ലഭിച്ചത് അല്ലെങ്കില്‍ സൂര്യന്റെ ജനനത്തോടെ ഇത് നശിപ്പിക്കപ്പെടുകയും പിന്നീട് സോളാര്‍ നെബുലയിലെ രാസപ്രവര്‍ത്തനങ്ങള്‍ മൂലം വീണ്ടും ഉദ്ഭവിക്കപ്പെടുകയുമായിരുന്നോ എന്നാണ് ഗവേഷകര്‍ പഠിച്ചത്.

ഹൈഡ്രജന്റെയും അതിന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയത്തിന്റെയും പഠനത്തിലൂടെ സൗരയൂഥത്തിലെ മഞ്ഞിനെക്കുറിച്ചു മനസ്സിലാക്കാനായിരുന്നു ശാസ്ത്രജ്ഞന്‍മാരുടെ ശ്രമം. വിവിധ ഐസോടോപ്പുകളുടെ ഭാരത്തിലൂണ്ടാകുന്ന വ്യത്യാസങ്ങള്‍ മൂലം രാസപ്രവര്‍ത്തനങ്ങളില്‍ ഇവയുടെ പ്രതികരണം വ്യത്യസ്തമായിരിക്കും.

കോടിക്കണക്കിന് വര്‍ഷം മുമ്പുണ്ടായിരുന്ന കാലാവസ്ഥയും മറ്റും കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പഠനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗരയൂഥത്തില്‍ കാണപ്പെടുന്ന ജലത്തിന് സൂര്യനെക്കാളും പഴക്കമുണ്ടെന്ന നിഗമനത്തിലെത്തിയത്. അതായത് ഇന്റര്‍സ്‌റ്റെല്ലാര്‍ പ്രദേശത്തെ ( നക്ഷത്രങ്ങള്‍ക്കിടയിലേ സ്ഥലം) മഞ്ഞില്‍ ഹൈഡ്രജനേക്കാള്‍ കൂടുതലായി ഡ്യൂട്ടീരിയത്തിന്റെ സാന്നിധ്യമാണുള്ളത്. വളരെ കുറഞ്ഞ താപനിലയില്‍ രൂപം കൊണ്ടതിനാലാണിത്. അതായത് ആ സമയത്ത് സൂര്യന്‍ ഇല്ലായിരുന്നു അല്ലെങ്കില്‍ ശൈശവ ദശയിലായിരുന്നു എന്നര്‍ഥം.

നക്ഷത്രങ്ങള്‍ക്കിടയിലെ ഇന്റര്‍സ്‌റ്റെല്ലാര്‍ സ്‌പേസില്‍ നിന്നുള്ള അതേ ജലം തന്നെയാണ് സൗരയൂഥത്തില്‍ കാണപ്പെടുന്നതെങ്കില്‍ മറ്റു നക്ഷത്രസമൂഹങ്ങളിലും ജലത്തിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. മറ്റു നക്ഷത്രസമൂഹങ്ങളില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ക്ക് പുതിയ കണ്ടുപിടുത്തം ആക്കം കൂട്ടും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :