ഒരു ഗ്രാമം മുഴുവനും കുംഭകര്‍ണ്ണന്മാര്‍!!!

കസാഖിസ്ഥാന്‍, ഉറക്കം, രോഗം
കസഖിസ്ഥാന്‍| VISHNU.NL| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (14:27 IST)
രാമായണത്തില്‍ ഒരു കുംഭകര്‍ണ്ണന്‍ എന്ന അസുരനുണ്ട്. ആറുമാസം ഉറക്കം വരമായി വാങ്ങിയ ഈ അസുരനെ ഉറക്കപ്രിയരായ ആളുകളൊടുപമിച്ച് നമ്മല്‍ കളിയാക്കാറുണ്ട്. എന്നാല്‍ ഒരുനാട്ടുകാര്‍ മുഴുവന്‍ കുംഭകര്‍ണ്ണന്മാരായാലൊ? ചിരിച്ചു തള്ളാന്‍ വരട്ടെ, കസാഖിസ്ഥാനിലെ കലാചി ഗ്രാമക്കാര്‍ ഉറങ്ങിയാല്‍ ഉറക്കമുണരുന്നത് രണ്ട് ദിവസം കഴിഞ്ഞായിരിക്കും. വടക്കന്‍ കസാഖിസ്ഥാനിലാണീ കുംഭകര്‍ണന്മാരുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഇന്നാട്ടുകാര്‍ക്ക് ഉറക്കം അത്ര ഇഷ്ടമായിട്ടൊന്നുമല്ല ഇവര്‍ ഇത്തരത്തില്‍ ഉറങ്ങുന്നത്. സ്ലീപി ഹോളോ ഡോസ് എന്ന രോഗത്തിന്റെ അടിമകളാണ് ഈ ഗ്രാമവാസികളില്‍ കൂടുതലും. എന്നാല്‍ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന ഈ രോഗം എന്തുകൊണ്ടാണ് ഒരു ഗ്രാമീണരില്‍ മുഴുവനും ബാധിച്ചത് എന്നകാര്യത്തില്‍ ഇന്നും ഗവേഷകര്‍ക്ക് ഉത്തരമില്ല. ഈ ദുരൂഹമായ അവസ്ഥയുടെ കാരണം തേടിയുള്ള നെട്ടോട്ടത്തിലാണത്രെ ശാസ്ത്രജ്ഞന്മാര്‍.

കാരണം തേടി ശാസ്ത്രജ്ഞര്‍മാര്‍ നടക്കുമ്പോള്‍ കഴിഞ്ഞ നാലുവര്‍ഷമായി ഉറക്കത്തിനെ പേടിയോടെയാണ് ഗ്രാമവാസികള്‍ കാ‍ണുന്നത്. മസ്തിഷക്കത്തില്‍ കൂടുതലായി ഫ്‌ലൂയിഡിന്റെ സാന്നിധ്യമുണ്ടാകുന്നതിനാലാണ് ഈ അവസ്ഥ സംജാതമാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈറസ് ബാധയോ മെനിഞ്ചൈറ്റിസ് പോലുള്ള ബാക്ടീരിയല്‍ ഇന്‍ഫെക്ഷനോ ആകാം ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം.

ഇവിടുത്തെ മണ്ണിലോ, ജലത്തിലോ അമിതഉറക്കമുണ്ടാക്കുന്ന ഏതെങ്കിലും രാസവസ്തുക്കള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞന്മാര്‍ക്കും കഴിഞ്ഞിട്ടില്ല. മുന്‍ സോവിയറ്റ് യൂണിയന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന യുറേനിയം ഖനിയാണ് ഇതിന് കാരണമെന്നാണ് തദ്ദേശവാസികളില്‍ പലരും പറയുന്നത്. ഈ ഖനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.
ഈ പ്രദേശത്ത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ 16 ഇരട്ടി റേഡിയേഷന്‍ കൂടുതലായുണ്ടെന്നാണ് ഈ പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ റഷ്യ ടുഡേയിലെ ടീമംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ഈ പ്രദേശത്ത് ടോക്‌സിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ് അമിത ഉറക്കത്തിന് വഴിയൊരുക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. ഖനിയില്‍ നിന്നും വരുന്ന പുകയും കാറ്റുമാണീ ഉറക്കത്തിന് കാരണമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഏതായാലും കാരണവും ഉത്തരവും തേടിയുള്ള യാത്രക്കിടെ കലാചി ഗ്രാമവാസികള്‍ ജീവിതത്തില്‍ പാതിയും ഉറങ്ങി ജീവിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :