'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

യുഎസ്-ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുള്ള തെക്കന്‍ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറണം

Netanyahu / Israel
Netanyahu / Israel
രേണുക വേണു| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (09:23 IST)

ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ചു ചേര്‍ത്ത സുരക്ഷാ മന്ത്രിസഭയാണ് ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ലെബനന്‍ ഏതെങ്കിലും തരത്തില്‍ കരാറിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

' ലെബനനില്‍ എന്ത് സംഭവിക്കുന്നു, അവര്‍ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിര്‍ത്തല്‍ കരാറിന്റെ ദൈര്‍ഘ്യം. കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുകയും എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. വിജയം സ്വന്തമാക്കുന്നതുവരെ ഞങ്ങള്‍ ഒറ്റക്കെട്ടായി തുടരും,' നെതന്യാഹു പറഞ്ഞു.

യുഎസ്-ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുള്ള തെക്കന്‍ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറണം. ലെബനന്‍ അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ ഇസ്രയേല്‍ പിന്‍വലിക്കും. ലെബനന്‍ ഏതെങ്കിലും തരത്തില്‍ കരാറില്‍ ലംഘനങ്ങള്‍ നടത്തിയാല്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കുന്നു.

ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സൈന്യത്തിന് വിശ്രമം നല്‍കുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങള്‍ വീണ്ടും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിര്‍ത്തലിനു കാരണമെന്ന് നെതന്യാഹു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :