ഇസ്‌ലാമിക് സ്റ്റേറ്റിന് പാകിസ്ഥാനില്‍ നിരോധനം

ഇസ്‌ലാമാബാദ്| Last Modified ശനി, 29 ഓഗസ്റ്റ് 2015 (16:51 IST)
ലോകത്തിന് ഭീഷണിയായി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റിന്
പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തി.
പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളിൽ ഇസ്‌ലാമിക് സ്റ്റെറ്റിന് സ്വാധീനം വര്‍ധിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


പാക്കിസ്ഥാനിലെ ആഭ്യന്തര മന്ത്രാലയത്തിലെ വക്താവാണ് വിവരം പുറത്തുവിട്ടത്. നേരത്തെ ഇസ്‌ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്ററുകളും ചുവരെഴുത്തുകളും
പാക്കിസ്ഥാനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമാണ് നിരോധനമെന്നാണ് റിപ്പോർട്ട്.

അതിർത്തി പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്ന ഭീകരസംഘടനകളായ അൽ ഖായ്ദയെയും താലിബാനെയും ദുർബലപ്പെടുത്തിക്കൊണ്ട് ഐഎസ് വേരോട്ടം നേടുന്നുവെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നത്. താലിബാൻ നേതൃത്വത്തിന്റെ ഭാഗമായിരുന്ന ഒട്ടേറെ ഭീകരർ കഴിഞ്ഞ വർഷം താലിബാൻ വിട്ട് ഐഎസിൽ ചേർന്നിരുന്നു.

താലിബാന്റെ പരമോന്നത നേതാവായിരുന്ന മുല്ല മുഹമ്മദ് ഒമറിന്റെ മരണവും മേഖലയിൽ ഐഎസിന്റെ വളർച്ചയ്ക്ക് കാരണമായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ പാക്കിസ്ഥാനിൽ ഇവരുടെ സാന്നിധ്യം പാക്കിസ്ഥാൻ സർക്കാർ നിഷേധിച്ചു വരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :