പാരീസ്|
VISHNU N L|
Last Modified ശനി, 14 നവംബര്‍ 2015 (16:55 IST)
150ലേറെ ആളുകളെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനു പിന്നാലെ ഫ്രാന്‍സിനെ ഭീഷണിപ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രംഗത്ത്. സിറിയയില്‍ തങ്ങള്‍ക്ക് എതിരായി നടക്കുന്ന പോരാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ഫ്രാന്‍സ് ജനതയെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.
ഭീഷണി അടങ്ങിയ വീഡിയൊ ഭീകരര്‍ പുറത്ത് വിട്ടു. 'ബോംബ് ആക്രമണം തുടരുന്ന അത്രയുംകാലം ഫ്രാന്‍സ് സമാധാനത്തോടെ ജീവിക്കില്ല. തിരക്കേറിയ ചന്തകളില്‍ പോകുന്നതിന് പോലും നിങ്ങള്‍ ഭയപ്പെടും.' എന്നിങ്ങനെയാണ് വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഭീകരന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഐഎസിന്റെ വിദേശ വാര്‍ത്താ വിതരണ വിഭാഗമായ 'അല്‍-ഹയാത്ത് മീഡിയ സെന്ററാണ്' ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നാണെന്ന് വ്യക്‌തമല്ല.
അതേസമയം, പാരീസിലെ ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ 200ഓളം പേരില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്.