മാധ്യമപ്രവര്‍ത്തകരുടെ തല വെട്ടിയ ഐ‌എസ് ആരാച്ചാര്‍ ജിഹാദി ജോണിന് യു‌എസ് ആക്രമത്തില്‍ പരുക്ക്

ലണ്ടന്‍| Last Modified ഞായര്‍, 16 നവം‌ബര്‍ 2014 (10:50 IST)
മാധ്യമപ്രവര്‍ത്തകരുടെ തല വെട്ടിയ ഐ‌എസ് ആരാച്ചാര്‍ ബ്രിട്ടീഷ്‌ വംശജന്‍ ജിഹാദി ജോണിന്‌ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ പരുക്ക്‌. ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ പുറത്ത്‌ വിട്ട വാര്‍ത്തയ്‌ക്ക് സ്‌ഥിരീകരണം വന്നിട്ടില്ല.

അമേരിക്ക പടിഞ്ഞാറന്‍ ഇറാഖിലെ അല്‍ ക്വിം ബങ്കറില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ജോണിന്‌ പരുക്കേറ്റെന്നും ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ്‌ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 10 ഐഎസ്‌ ഭീകരര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക്‌ പരുക്കേറ്റെന്നുമാണ്‌ വിവരം. ഇയാളെ ചികിത്സിച്ചു എന്നവകാശപ്പെടുന്ന ഒരു നഴ്‌സിനെ ഉദ്ധരിച്ചാണ്‌ മാധ്യമം വാര്‍ത്ത പുറത്ത്‌ വിട്ടിട്ടുള്ളത്‌. ഇയാള്‍ പിന്നീട്‌ ഐഎസിന്റെ ശക്‌തി കേന്ദ്രമായ സിറിയയിലെ റാഖയിലേക്ക്‌ മടങ്ങിയതായിട്ടാണ്‌ വിവരം.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്ത്‌ വന്ന പാശ്‌ചാത്യ മാധ്യമപ്രവര്‍ത്തകരുടെ തല വെട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ മുഖം മറച്ച്‌ പ്രത്യക്ഷപ്പെടുന്നതും കൃത്യം നിര്‍വ്വഹിച്ചതും ഇയാളാണെന്നാണ്‌ സംശയം. ഐഎസിനൊപ്പം സിറിയന്‍ അതിര്‍ത്തിയില്‍ ഇയാളുടെ സാന്നിദ്ധ്യം തീവ്രവാദി സംഘടന കഴിഞ്ഞയാഴ്‌ച പുറത്ത്‌വിട്ട വീഡിയോകളില്‍ വ്യക്‌തമായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ്‌ ഫോളി, സ്‌റ്റീവന്‍ സ്‌കോട്ട്‌ലോഫ്‌, ബ്രിട്ടീഷ്‌ ജോലിക്കാരായ ഡേവിഡ്‌ ഹൈനസ്‌, അലന്‍ ഹെന്നിംഗ്‌ എന്നിവരുടെ തല വെട്ടിമാറ്റിയ ക്രൂരത ചെയ്‌തത്‌ ജിഹാദി ജോണ്‍ എന്ന പേരില്‍ കുടി അറിയപ്പെടുന്ന ബീറ്റില്‍ ജോണ്‍ ലെനനായിരുന്നു എന്നാണ്‌ വിവരം. കഴിഞ്ഞയാഴ്‌ച ഐഎസ്‌ നേതാവ്‌ അബു ബക്കര്‍ അല്‍ ബാഗ്‌ദാദിക്ക്‌ പരുക്കേറ്റതായി വാര്‍ത്ത വന്നിരുന്നു. ഇവര്‍ ഉള്‍പ്പെടെ 500 ലധികം ബ്രിട്ടീഷുകാര്‍ സിറിയയിലും ഇറാഖിലുമായി ഐഎസിന്‌ പോരാടുന്നുണ്ടെന്നാണ്‌ ബ്രിട്ടീഷ്‌ രഹസ്വാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :