ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

Iran vs Israel
Iran vs Israel
അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2024 (18:32 IST)
ഇസ്രായേലിന് നേരെ ഇറാന്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ മേഖലയാകെ യുദ്ധ ഭീഷണിയിലാണ്. ഇസ്രായേലും അമെരിക്കയും അടങ്ങിയ സഖ്യത്തിന്റെ തിരിച്ചടിയുണ്ടായാല്‍ അത് ഇറാന് താങ്ങാനാകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ഇറാന് മറക്കാനാവാത്ത തിരിച്ചടി തന്നെയാകും ഇസ്രായേല്‍ നല്‍കുക എന്നതിനാല്‍ തന്നെ ഇസ്രായേലിനെ പ്രതിരോധിക്കാനായി കൂടുതല്‍ അറബ് രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ഇറാന്‍. അതേസമയം ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യങ്ങളില്‍ ഒന്നായ ഇറാനില്‍ യുദ്ധം വ്യാപിക്കുന്നത് ഇന്ത്യയുടെ താത്പര്യങ്ങളെയും ബാധിക്കും.

ഇറാന് ശക്തമായ രീതിയില്‍ തന്നെ മറുപടി നല്‍കുമെന്നാണ് ഇസ്രായേല്‍ നല്‍കിയിരിക്കുന്ന മറുപടി. പ്രകോപനം തുടര്‍ന്നാല്‍ ഇപ്പോള്‍ നടത്തിയ ആക്രമണത്തിലും വലിയ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഇറാന്റെ നിലപാട്. നിലവില്‍ ഹിസ്ബുള്ളയെ പൂര്‍ണ്ണമായും ഇല്ലാതെയാക്കും എന്ന നയമാണ് ഇസ്രായേല്‍ എടുത്തിട്ടുള്ളത്. ഈ നിലപാടില്‍ നിന്നും പിന്നൊട്ടില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കുന്നു.അതേസമയം റാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്‍ കൂടുതല്‍ അറബ് രാജ്യങ്ങളുടെ പിന്തുണതേടുന്നത്.


ഇതിനാല്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഖത്തറിലെത്തി. ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം പശ്ചിമേഷ്യയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഖത്തര്‍ ഭരണാധികാരി പ്രതികരിച്ചു. യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നതിന് കാരണമാകും. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന്റെ എണ്ണ ശുദ്ധീകരണകേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ ആക്രമണമുണ്ടായാല്‍ അത് ഇന്ത്യയെ സാരമായി ബാധിക്കും. യുദ്ധസാഹചര്യം തുടരുകയാണെങ്കില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയാനും കാരണമാകും. ഇത് സ്വര്‍ണവില ഉയരുന്നതിന് കാരണമാകും.


എണ്ണവില ഉയരുന്നത് മൂലം ഇന്ത്യന്‍ വിപണിയില്‍ ആളുകള്‍ സ്വര്‍ണത്തില്‍ താത്പര്യം കാണിക്കുകയാണെങ്കില്‍ രാജ്യത്തെ നിക്ഷേപം പിന്‍വലിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ സംഘര്‍ഷം വ്യാപിക്കുന്നതില്‍ കടുത്ത ആശങ്കയാണ് പങ്കുവെയ്ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :