കാബൂള്‍|
jibin|
Last Modified ബുധന്‍, 6 ജനുവരി 2016 (12:58 IST)
അഫ്ഗാനിസ്ഥാനിലെ മസാരി ഷെരീഫില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലുണ്ടായ ഭീകരാക്രമണം പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനായ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരമെന്ന് വെളിപ്പെടുത്തല്‍. കോൺസുലേറ്റിനു സമീപം ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ ചുമരുകളിൽ രക്തം കൊണ്ടെഴുതിയ ചുവരെഴുത്തില്‍ നിന്നാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
'അഫ്സല് ഗുരുവിനു വേണ്ടി പകരം വീട്ടുന്നു, ഒരു രക്തസാക്ഷി- ആയിരം ചാവേര്‍ ബോംബുകള്‍ എന്നിങ്ങനെ രണ്ട് ചുമരെഴുത്തുകളാണ് ആക്രമണമുണ്ടായ കോണ്‍സുലേറ്റിന്റെ ഭിത്തിയില്‍ കണ്ടെത്തിയത്. അഥ്ഗാനിസ്ഥാനിലെ ഒരു പ്രാദേശിക മാധ്യമമാണ് ഈ സന്ദേശങ്ങള്‍ അടങ്ങിയ ചുവരെഴുത്ത് പുറത്തുവിട്ടത്. പത്താൻകോട്ട് വ്യോമസേന താവളത്തിൽ നടത്തിയ ഭീകരാക്രമണവും അഫ്സൽ ഗുരുവിന് വേണ്ടിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ മുഖ്യസൂത്രധാരനായ അഫ്സല് ഗുരുവിനെ 2013 ഫെബ്രുവരി 9നാണ് തൂക്കിലേറ്റിയത്.
ഞായറാഴ്ചയാണ് കോണ്‍സുലേറ്റില്‍ അതിക്രമിച്ചു കയറാന്‍ ഭീകരര്‍ ശ്രമം നടത്തിയത്. രണ്ടു തവണ സ്ഫോടനങ്ങളും വെടിവയ്പും നടത്തിയ ശേഷമായിരുന്നു അതിക്രമിച്ചു കയറാനുള്ള ശ്രമം. എന്നാല്‍ സുരക്ഷാസേന നടത്തിയ ശക്തമായ പ്രതിരോധത്തില്‍ മൂന്നു ഭീകരെയും കൊലപ്പെടുത്തിയിരുന്നു.