ഇന്ത്യയ്ക്കു മാത്രമല്ല യു‌എ‌ഇയ്ക്കും മാര്‍ഗദര്‍ശിയായതും അബ്ദുള്‍ കലാം

അബുദാബി| VISHNU N L| Last Updated: ചൊവ്വ, 28 ജൂലൈ 2015 (16:26 IST)
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു‌എ‌ഇ) എന്ന ഗള്‍ഫ് രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ം ഇന്ന് കാണുന്ന കുതിപ്പിനു കാരണക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ അവര്‍ പറയും അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം!. ആശ്ചര്യപ്പെടേണ്ടതില്ല സത്യമാണ്. കാരണം രാഷ്ട്രപതിയായതിനുശേഷം നടത്തിയ ആദ്യ വിദേശപര്യടനത്തിനിടെ യുഎഇയിലെത്തിയ അബ്ദുൽ കലാം അന്ന് രാജ്യത്തിന് നല്‍കിയ ഉപദേശ സ്വഭാവമുള്ള പ്രസംഗം പിന്നീട് യു‌എഇയുടെ വളര്‍ച്ചയ്ക്ക് നാഴികകല്ലാവുകയായിരുന്നു.

2003 ഒക്ടോബറിൽ പര്യടനത്തിനായി അബുദാബിയിലെത്തിയ കലാം ആചാരപരമായ വരവേൽപ്പിനു നിൽക്കാതെ വിമാനത്താവളത്തിൽ നിന്നു നേരെ പോയതു കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിലേക്കായിരുന്നു. അന്ന് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി സംഘടിപ്പിച്ച ചടങ്ങിൽ കടൽവെള്ള സംസ്കരണത്തിൽ യുഎഇ ശ്രദ്ധയൂന്നേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കടൽവെള്ള ശുദ്ധീകരണത്തിലൂടെ മരുഭൂമിയെ ഇനിയും ഹരിതാഭമാക്കാനും അതുവഴി യുഎഇയുടെ കാർഷികസമൃദ്ധിക്കും സാധ്യതയുണ്ടെന്നും കലാം അഭിപ്രായപ്പെട്ടു.
സൗരോർജത്തിലൂടെ ലഭ്യമാകുന്ന ഊർജം കടൽവെള്ള ശുദ്ധീകരണത്തിന് ഉപയോഗപ്പെടുത്താമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. സൗരോർജ സാങ്കേതികതയിൽ ഇന്ത്യയുമായി യുഎഇയുടെ സഹകരണവും ഉറപ്പുവരുത്തിയായിരുന്നു അദ്ദേഹം അന്നു മടങ്ങിയത്.
കലാം ആദ്യമായി യുഎഇയിലെത്തി 12 വർഷത്തിനുശേഷം ഇന്ന് പാരമ്പര്യേതര ഊർജോൽപാദന രംഗത്തെ നിർണായക ശക്തിയായി യുഎഇ മാറി

കലാം നിർദേശിച്ചതുപോലെത്തന്നെ കടൽവെള്ളം ശുദ്ധീകരിക്കാൻ ഇന്ന് രാജ്യമെമ്പാടും സൗരോർജം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സൂര്യപ്രകാശം, വെള്ളം, കാറ്റ്, തിരമാല, ജൈവ അവശിഷ്‌ടങ്ങൾ എന്നിവയിൽനിന്നു വലിയതോതിൽ ഊർജം ഉൽപാദിപ്പിക്കാനുമുള്ള ശ്രമങ്ങളിലാണു യുഎഇ. എണ്ണയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിൽനിന്നു വിദ്യാഭ്യാസാധിഷ്‌ഠിതമായ സമ്പദ് വ്യവസ്‌ഥയിലേക്കു മാറാൻ യുഎഇക്ക് കഴിയുമെന്നും കലാം തന്റെ അബുദാബി സന്ദർശന വേളയിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഇതിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ട് യു‌എ‌ഇ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ടൂറിസത്തിലും ശാസ്ത്ര മേഖലയിലും ബഹിരാകാശ ഗവേഷണത്തിലും വരെ ഏറെ ശ്രദ്ധ കൊടുത്ത് മികവുറ്റ സമ്പദ്‌വ്യവസ്ഥ നിലനിർത്താന്‍ യുഎഇക്ക് കഴിയുന്നു. നൂതന സൗരോർജ സാങ്കേതിക വിദ്യയ്ക്കും കടൽവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതികൾക്കുമെല്ലാം യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ന് ആശ്രയിക്കുന്നത് യുഎഇയെയാണ്. കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വൻസംരംഭവും യുഎഇ സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.


അതുകൊണ്ടുതന്നെ വിഭവങ്ങളുടെ വൈവിധ്യവൽക്കരണത്തിലേക്കു ‌ശ്രദ്ധയൂന്നിയിരിക്കുകയാണു രാജ്യം.
ഇതിനെല്ലാം വെളിച്ചം പകർന്ന് കൂടെ നിന്നത് നമ്മുടെ സ്വന്തം ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു. സ്വന്തം രാജ്യത്തോടൊപ്പം സുഹൃദ് രാജ്യങ്ങള്‍ക്ക് കൂടി വഴികാട്ടിയായി മാര്‍ഗദീപം തെളിയിച്ച മനുഷ്യ സ്നേഹിയാണ് ഇന്നലെ ലോകത്തെ വിട്ടുപ്രിഞ്ഞിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :