ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 28 ജൂലൈ 2015 (14:04 IST)
അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയും. ഇതില്‍ ഏറ്റവും അധികം ശ്രദ്ധയാകര്‍ഷിച്ചതും പങ്കു വെയ്ക്കപ്പെട്ടതുമായ പോസ്റ്റ് കലാമിന്റെ ഉപദേശകന്‍ ആയിരുന്ന ശ്രീജന്‍ പാല്‍ സിംഗിന്റേതായിരുന്നു.
“എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണ് ഇന്ന്. മാര്‍ഗദര്‍ശിയും അധ്യാപകനും സുഹൃത്തും വഴികാട്ടിയും ജീവിതത്തിലെ എക്കാലത്തെയും ഹീറോയും ആയിരുന്നയാള്‍ ജീവിതം ഉപേക്ഷിച്ചിരിക്കുന്നു. താങ്കള്‍ ഏല്പിച്ചിരിക്കുന്ന ദൌത്യം ഞങ്ങള്‍ പൂര്‍ത്തിയാക്കും.”
ശ്രീജന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
കലാമിന്റെ ട്വിറ്റര്‍ പേജ് ‘ഇന്‍ മെമ്മറി ഓഫ് ഡോ കലാം’ എന്ന പേരിലേക്ക് മാറിയിട്ടുണ്ട്. ഈ അക്കൌണ്ട് ഇനി അദ്ദേഹത്ത്ന്റെ ചിന്തകളും പാഠങ്ങളും ദൌത്യവും ആയിരിക്കും. ട്വിറ്റര്‍ പേജിന്റെ അഡ്‌മിനായ ശ്രീജന്‍ പാല്‍ സിംഗ് തന്റെ പേരിലാണ് ഇക്കാര്യങ്ങള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, കലാമിന്റെ അവസാനനിമിഷമെന്ന പേരില്‍ വ്യാജചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കലാം രാഷ്‌ട്രപതിയായിരുന്നപ്പോള്‍ ഒരു പരിപാടിക്കിടെ വീഴുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാനനിമിഷമെന്ന രീതിയില്‍ പ്രചരിക്കുന്നത്. അതേസമയം, ഈ ചിത്രം പഴയതാണെന്ന മറുപ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ചില ചാനലുകളും ഈ ചിത്രം കലാമിന്റെ അന്ത്യനിമിഷം എന്ന പേരില്‍ ഉപയോഗിച്ചിരുന്നു.