ഇന്ത്യക്കാര്‍ക്ക് വേണ്ടാത്ത സംസ്കൃതം കമ്മ്യൂണിസ്റ്റ് ചൈന പഠിക്കുന്നു...!

ഹാങ്ഷു| VISHNU N L| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (11:38 IST)
ഇന്ത്യയില്‍ നിലവില്‍ മൃതഭാഷയായി കരുതപ്പെടുന്ന പ്രാചീന വൈദിക ഭാഷയായ സംസ്കൃതത്തിന് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ സ്വീകാര്യതയേറുന്നു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ യോഗാപഠനത്തിനും സംസ്‌കൃതപഠനത്തിനുമായെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കിഴക്കന്‍ ചൈനയിലെ ഹാങ്ഷു ബുദ്ധിസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്കൃത പഠനത്തിനായി പ്രത്യേക വേനല്‍ക്കാല പഠനം ആരംഭിച്ചിട്ടുണ്ട്. 60 പേര്‍ക്ക് മാത്രം പ്രവേശനമുള്ള ഈ കോഴ്സിനായി അപേക്ഷിച്ചത് മുന്നൂറോളം പേരാണ്. സാമൂഹിക പ്രവര്‍ത്തകര്‍, എന്‍ജിനീയര്‍മാര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, യോഗ അദ്ധ്യാപകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

ചൈനയിലെ പീക്കിങ് സര്‍വ്വകലാശാലയില്‍ നിലവില്‍ സംസ്കൃതത്തിനായി പ്രത്യേക വിഭാഗമുണ്ട്. ഇവിടെ 60പേരാണ് പരിശീലനം നേടുന്നത്. തത്വചിന്ത, ആയുര്‍വേദം, യോഗ തുടങ്ങിയ മേഖലകളെ കൂടുതല്‍ അറിയാനാണ് ചൈനയില്‍ സംസ്കൃതം പഠിക്കാന്‍ കൂടുതല്‍ ആളുകളെത്തുന്നത്. ദ്യോഗാര്‍ത്ഥികള്‍ രാത്രികാല ക്ലാസുകള്‍ക്കുപോലും തയ്യാറായി മുന്നിട്ടിറങ്ങുന്നത് സംസ്‌കൃത വിദ്യാഭ്യാസത്തിന് ചൈനീസ് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ ഉദാഹരണമാണ്. ഭാരതീയ ഗ്രന്ഥങ്ങളും യോഗയുമെല്ലാം ആഴത്തില്‍ പഠിക്കുന്നതിന്റെ ആദ്യ ചുവടുവെയ്പ്പാണ് സംസ്‌കൃത പഠനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :