അഭിറാം മനോഹർ|
Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:03 IST)
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. ലോകത്ത് മുസ്ലീങ്ങള്‍ കഷ്ടത അനുഭവിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തികൊണ്ടുള്ള അലി ഖൊമേനിയുടെ ട്വീറ്റാണ് വിവാദമായത്. ഇറാന്‍ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അവയെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മറ്റുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ പറ്റി അഭിപ്രായം പറയുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തെ സ്ഥിതി ആദ്യം പരിശോധിക്കണമെന്ന്
ഇന്ത്യ വ്യക്തമാക്കി. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടെ അനുബന്ധിച്ച് അലി ഖൊമേനി പങ്കുവെച്ച പോസ്റ്റ് ഇസ്ലാമിന്റെ ശത്രുക്കളെ പറ്റി പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. തുടര്‍ന്നുള്ള അവസാനഭാഗത്താണ് ഇന്ത്യയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. മ്യാന്മറിലോ, ഗാസയിലോ,ഇന്ത്യയിലോ, മറ്റേതെങ്കിലും സ്ഥലത്തോ ഒരു മുസ്ലീം അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റി ശ്രദ്ധിക്കാതെ പോയാല്‍ നമുക്ക് സ്വയം മുസ്ലീമായി കണക്കാക്കാനാവില്ല എന്നായിരുന്നു അലി ഖൊമേനിയുടെ വാക്കുകള്‍.