VISHNU N L|
Last Modified വെള്ളി, 22 മെയ് 2015 (18:20 IST)
33 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ പ്രാചീന മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ശിലായുധങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.
ആഫ്രിക്കയില്‍ കെനിയ എന്ന രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുള്ള തുര്‍ക്കാന തടാകതീരത്തുനിന്നാണ് ശിലായുധങ്ങള്‍ കണ്ടെടുത്തത്. ആധുനിക മനുഷ്യനിലേക്കുള്ള മാറ്റത്തിലെ പ്രധാന വര്‍ഗങ്ങളായ ഹോമോ വര്‍ഗങ്ങള്‍ക്കും മുമ്പ് ഉള്ള ആയുധങ്ങളാണ് ഇവ.
ഹോമോ വര്‍ഗം ഭൂമിയില്‍ ഉരുത്തിരിയുന്നതിനും മുമ്പുള്ള ഓസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ( Australopithecus afarensis ), കെനിയത്രോപ്പസ് പ്ലാറ്റിയോപ്പ്‌സ് ( Kenyanthropus platyops ) തുടങ്ങിയ വര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നവയാണ് ഈ ആയുധങ്ങള്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. കെനിയയിലെ കണ്ടെടുത്ത ആ പ്രാചീന ശിലായുധങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിട്ടുള്ള ഏത് ആയുധത്തെക്കാളും ഏഴുലക്ഷം വര്‍ഷം കൂടുതല്‍ പഴക്കമുള്ളവയാണ് എന്നതു ചൂണ്ടിക്കാട്ടിയാണ് ഗവേഷകര്‍ ഇത് സ്ഥാപിക്കുന്നത്.
തുര്‍ക്കാന തടാകതീരത്ത് നിന്ന് 2011 ലാണ് ശിലായുധങ്ങള്‍ ആദ്യം കണ്ടെത്തിയത്. 2012 അവസാനമായപ്പോഴേക്കും 149 ആയുധങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. 2014 ല്‍ അവിടെനിന്ന് കൂടുതല്‍ ശിലായുധങ്ങള്‍ കണ്ടെടുക്കാനായി. അറുക്കാനും മുറിക്കാനുമുപയോഗിച്ചിരുന്ന ശിലായുധങ്ങളാണ് കണ്ടെടുത്തവയില്‍ ഏറെയും. വലിയ ശിലകളില്‍നിന്ന് മുറിച്ചെടുത്തുണ്ടാക്കിയവയാണ് ആയുധങ്ങള്‍. അതില്‍ ചിലത് വലിയ വലിപ്പമുള്ളവയാണ്. ഏറ്റവും വലുതിന്റെ ഭാരം 15 കിലോഗ്രാമാണ്.
എന്നാല്‍, ഏത് വര്‍ഗം ഉപയോഗിച്ചിരുന്ന ശിലായുധങ്ങളാണ് കെനിയയില്‍നിന്ന് കണ്ടെത്തിയതെന്ന് ഗവേഷകര്‍ക്ക് മനസിലായിട്ടില്ല. ആധുനിക ഹോമോ വര്‍ഗം ഉപയോഗിച്ചിരുന്നവയല്ല എന്ന് ഗവേഷകര്‍ പറയുന്നു. കാരണം 24 ലക്ഷം വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഹോമോ ഫോസിലുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. അതിനാല്‍ ഹോമോ വര്‍ഗത്തിനും മുമ്പ് തന്നെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്ന് കരുതേണ്ടിവരും. ഹോമോ ഹാബിലിസ് എന്ന വര്‍ഗമാണ് ആദ്യമായി ആയുധങ്ങള്‍ ഉപയോഗിച്ചതെന്നാണ് ഇതുവരെ കരുതിയിരുന്നത്. ആ ധാരണ തിരുത്തുന്നതാണ് പുതിയ കണ്ടെത്തല്‍.
ഹോമോ വര്‍ഗം രൂപപ്പെടുന്നതിനും മുമ്പ് പ്രാചീന നരവംശങ്ങള്‍ ശിലായുധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന നിഗമനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഹോമോയ്ക്ക് മുമ്പുതന്നെ ആയുധങ്ങളുടെ ഉപയോഗം തുടങ്ങിയിരുന്നു എന്നതിന് മുമ്പ് എത്യോപ്യയില്‍നിന്ന് ചില തെളിവുകള്‍ കിട്ടിയിരുന്നു. എന്നാല്‍, ഇത്രയും പഴക്കമുള്ള ശിലായുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുന്നത് ആദ്യമായാണ്. പുതിയലക്കം 'നേച്ചര്‍' ജേര്‍ണല്‍ പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.