അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (12:53 IST)
ഇസ്രായേലിന്റെ യുദ്ധം ലെബനനെതിരെയോ അവിടത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ് നടപടിയെന്നും ആ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ താത്കാലികമായി ഒഴിഞ്ഞുപോകണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടു. സൈനികനടപടി അവസാനിക്കുന്നതോടെ വീടുകളില്‍ തിരിച്ചെത്താമെന്നാണ് വീഡിയോ സന്ദേശത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും
നെതന്യാഹു കുറ്റപ്പെടുത്തി. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തില്‍ കൈക്കടത്താന്‍ ഹിസ്ബുള്ളയെ അനുവദിക്കരുതെന്നാണ് ലെബനന്‍ ജനതയോട് നെതന്യാഹു ആവശ്യപ്പെടുന്നത്. അതേസമയം ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 24 കുട്ടികളടക്കം 492 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. 2006ലെ ഇസ്രായേല്‍- ഹിസ്ബുള്ള യുദ്ധത്തിന് ശേഷം ഇത്രയധികം പേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്.
വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടത്. അതേസമയം ലെബനനിലെ തെക്കുള്ള തുറമുഖനഗരമായ സിദോനില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് ഒഴുകുകയാണ്. 2006ലെ ഹിസ്ബുള്ള- ഇസ്രായേല്‍ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പലായനമാണിത്.