ബെൽജിയം|
VISHNU N L|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (12:44 IST)
ആഗോള ഐടിമേഖലയിലെ മുടിചൂടാമന്നാണെന്നൊക്കെ പറഞ്ഞാലും അഹങ്കാരത്തിന് ഒരു കുറവുമില്ലാതിരുന്ന ഗൂഗിളിന് എട്ടിന്റെ പണികിട്ടി. പണികൊടുത്തത മറ്റാരുമല്ല. ഇടിമിന്നല്‍. ഡേറ്റകള്‍ നഷ്ടമാകാതെ സൂക്ഷിക്കാമെന്ന സൌകര്യവുമായി ഗൂഗിള്‍ ഒരുക്കിയ ക്ലൌഡ് സ്റ്റോറേജ് സംവിധാനത്തിനാണ് ഇടിമിന്നല്‍ പണികൊടുത്തത്. പണികിട്ടിയത്
ബെൽജിയത്തിലെ ഡേറ്റ സെന്ററുകളിലൊന്നിൽ സൂക്ഷിച്ചിരുന്ന ഗൂഗിൾ കംപ്യൂട്ട് എൻജിനാണ്.
ഇതിലെ ഡേറ്റകളിലെ ഒരു പങ്ക് ഇനി തിരിച്ചുപിടിക്കാന്‍ പറ്റാത്ത വിധത്തില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. യൂറോപ്പിലെ പ്രധാനപ്പെട്ട ചില കമ്പനികളുടെ ഡേറ്റയാണ് മിന്നലിൽ അടിച്ചുപോയത്, അതും ഗൂഗിളിന്റെ ബിസിനസ് പാർട്ണർമാരായ കമ്പനികളുടെ. ആകെയുള്ള ഡേറ്റയുടെ 0.000001 ശതമാനം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെങ്കിലും സംഗതി ഗുരുതരമാണ്.
തുടരെത്തുടരെ പതിച്ച നാല് ഇടിമിന്നലാണ് ഗൂഗിളിന് പണി കൊടുത്തത്. ഓഗസ്റ്റ് 13ന് യൂറോപ് വെസ്റ്റ് 1 ബി എന്ന ഡേറ്റ സെന്ററിലേക്ക് വൈദ്യുതിയെത്തിക്കുന്ന ഗ്രിഡിൽ ഇടിമിന്നലേല്‍ക്കുകയായിരുന്നു. തുടരെ നാലുതവണ മിന്നലേറ്റതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു. ബാറ്ററി ബാക്കപ്പ് ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവയുടെയൊന്നും സഹായം നിലവിൽ ലഭ്യമാക്കാതിരുന്ന സ്റ്റോറേജ് ഡിസ്കിലായിരുന്നു കൃത്യമായി പണിവീണത്.
ഏറ്റവും അടുത്തസമയത്ത് സൂക്ഷിക്കപ്പെട്ട ഡേറ്റയായിരുന്നു നഷ്ടപ്പെട്ടതിലേറെയും. മൾട്ടിപ്പിൾ സെർവറുകളിൽ ഡേറ്റ സംഭരിക്കപ്പെട്ടിട്ടുള്ളതിനാൽ ശേഷിച്ചവ നഷ്ടമാകാതെ സംരക്ഷിക്കാനായി. ചിലതാകട്ടെ ഗൂഗിൾ ജീവനക്കാരും ഇടപെട്ട് തിരിച്ചുപിടിച്ചു. ചില സ്റ്റാര്‍ട്ടപ് കമ്പനികളുടെ പ്രവര്‍ത്തനവും ഇതേതുടര്‍ന്ന് മന്ദീഭവിച്ചിരുന്നു.അതേ സമയം ജിമെയിൽ, യൂട്യൂബ് ഉൾപ്പെടെയുള്ള ഗൂഗിളിന്റെ പൊതുസേവനങ്ങൾക്കൊന്നും നാശനഷ്ടം സംഭവിച്ചതുമില്ല.
2010ലാണ് പടിഞ്ഞാറൻ യൂറോപ്പിലെ ബിസിനസ് ഉപഭോക്താക്കൾക്കു വേണ്ടി ഗൂഗിൾ ബെൽജിയത്തിൽ ഡേറ്റ സെന്റർ സ്ഥാപിച്ചത്. അതും 280 മില്യൺ ഡോളർ ചെലവിൽ. 2013 മുതൽ ഇന്നേവരെ സെന്ററിലെ സൗകര്യങ്ങൾ കൂട്ടാൻ വേണ്ടി മാത്രം ചെലവായത് 336 മില്യൺ ഡോളർ. എന്തായാലും ഡേറ്റ സംരക്ഷണത്തിനായുള്ള അപ്ഗ്രേഡ് പ്രോഗ്രാമിന് ഗൂഗിൾ തുടക്കമിട്ടുകഴിഞ്ഞു.