ലിവര്‍പൂള്‍|
BIJU|
Last Updated:
വ്യാഴം, 28 ഡിസംബര്‍ 2017 (12:48 IST)
ക്രിസ്മസ് വരാനായി എല്ല സിംഗിള്‍ട്ടണ്‍ എന്ന ഒമ്പതുവയസുകാരി പെണ്‍കുട്ടി കാത്തിരിക്കുകയായിരുന്നു. സ്കൂളിലെ കൂട്ടുകാര്‍ക്കെല്ലാം ക്രിസ്മസ് കാര്‍ഡ് നല്‍കുകയും കൂടുതല്‍ കൂട്ടുകാരെ സമ്പാദിക്കുകയുമായിരുന്നു അവളുടെ ലക്‍ഷ്യം. എന്നാല്‍ കഴിഞ്ഞ ദിവസം അവള്‍ക്ക് സഹപാഠിയായ കുട്ടിയില്‍ നിന്നും ഒരു ക്രിസ്മസ് കാര്‍ഡ് കിട്ടി. അതില്‍ എഴുതിയിരുന്നു - ‘ഐ ഹേറ്റ് യു’.
എല്ല ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയാണ്. അവള്‍ പഠിക്കുന്നത് ലിവര്‍പൂളില്‍ സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണ്. അവള്‍ക്ക് ഓട്ടിസം ഉള്ളതുകൊണ്ടുതന്നെ സുഹൃത്തുക്കള്‍ കുറവായിരുന്നു. കൂടുതല്‍ ഫ്രണ്ട്സിനെ കിട്ടാനായി അവള്‍ എല്ലാവര്‍ക്കും ക്രിസ്മസ് കാര്‍ഡുകള്‍ നല്‍കിയിരുന്നു.
‘ഞാന്‍ നിന്നെ വെറുക്കുന്നു’ എന്ന് കുറിച്ച ക്രിസ്മസ് കാര്‍ഡ് കണ്ട ഉടനെ അവള്‍ ഹൃദയം തകര്‍ന്നതുപോലെ നിലവിളിക്കുകയും മരിക്കണമെന്ന് പറയുകയും ചെയ്തുവെന്ന് എല്ലയുടെ അമ്മ പറയുന്നു. കരഞ്ഞുകൊണ്ട് വീടുവിട്ട് ഓടിപ്പോയ അവളെ ആളുകള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
“സഹപാഠികളില്‍ നിന്ന് ക്രിസ്മസ് കാര്‍ഡുകള്‍ കിട്ടിയപ്പോള്‍ എല്ല വളരെ എക്സൈറ്റഡ് ആയിരുന്നു. ഫ്രണ്ട്സിന്‍റെ കൈയില്‍ നിന്ന് നിറയെ കാര്‍ഡുകള്‍ കിട്ടിയെന്ന് അവള്‍ എല്ലാവരോടും പറയുകയും ചെയ്തു. ഈ കാര്‍ഡ് ഇന്നലെയാണ് എല്ലയുടെ കൈയില്‍ കിട്ടിയത്. അത് അവളെ വല്ലാതെ തകര്‍ത്തുകളഞ്ഞു. പെട്ടെന്ന് വളരെ വയലന്‍റാവുകയും ബഹളം വച്ച് കരയുകയും ചെയ്തു” - എല്ലയുടെ അമ്മ
ജെന്ന പറയുന്നു.
ഓട്ടിസം രോഗത്താല്‍ ഏറെ ബുദ്ധിമുട്ടുന്ന കുട്ടിയാണ് എല്ല. അതുകൊണ്ടുതന്നെ സ്കൂളില്‍ കൂട്ടുകാരെ കണ്ടെത്താന്‍ അവള്‍ക്ക് കഴിയുന്നില്ല. തന്നെ എല്ലാവരും വെറുക്കുന്നു എന്നൊരു തോന്നല്‍ അവള്‍ക്കുണ്ട്. ഈ ക്രിസ്മസ് കാര്‍ഡ് അവളുടെ ആ മനോഭാവത്തിന് ആക്കം കൂട്ടി.
എന്തായാലും ഈ സംഭവം എല്ലയുടെ അമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ എല്ലയ്ക്ക് പിന്തുണയുമായി ആയിരക്കണക്കിന് സന്ദേശങ്ങളാണ് ലഭിച്ചത്.
മെയിന്‍സ്ട്രീം എജ്യൂക്കേഷനില്‍ നിന്നുമാറി ഒരു സ്പെഷ്യല്‍ സ്കൂളിലേക്ക് എല്ലയുടെ പഠനം മാറ്റാനാണ് ഇപ്പോള്‍ മാതാപിതാക്കള്‍ ആലോചിക്കുന്നത്. ക്രിസ്മസ് കാര്‍ഡ് സംഭവം പുറം ലോകമറിഞ്ഞതോടെ കാര്‍ഡ് അയച്ച കുട്ടിയുടെ അമ്മ എല്ലയുടെ മാതാവിനെ വിളിച്ച് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.