അരാസ് (ഫ്രാൻസ്)∙|
VISHNU N L|
Last Modified ശനി, 22 ഓഗസ്റ്റ് 2015 (13:16 IST)
ഫ്രാന്‍സില്‍ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ ഭീകരാക്രമണത്തിനു ശ്രമിച്ച ആയുധധാരിയെ യാത്രക്കാര്‍ കീഴ്പ്പെടുത്തി. വടക്കൻ ഫ്രാൻസിലെ അരാസ് റയിൽവെ സ്റ്റേഷൻ സമീപമാണ് സംഭവം. എകെ 47 തോക്കും, ഓട്ടോമാറ്റിക് പിസ്റ്റളും, കത്തിയും വെടിയുണ്ടകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ഇയാൾ പാരിസിലേക്കുള്ള അതിവേഗ ട്രെയിനിൽ ആക്രമണം നടത്താൻ ശ്രമിച്ചത്.
എന്നാല്‍ യാത്രക്കാരായ യുഎസ് സ്വദേശികൾ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. യുവാവിനെ അരാസ് സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറി. കേസ് ഭീകരവാദ വിരുദ്ധ സേന ഏറ്റെടുത്തു. ഇയാളുടെ ആക്രമണത്തില്‍ ട്രെയിൻ യാത്രികരായ മൂന്നു പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ഒരാൾക്ക് വെടിയേറ്റും രണ്ടാമന് കത്തി കൊണ്ടുമാണ് പരുക്കേറ്റത്.
ഇന്റലിജൻസ് വൃത്തങ്ങൾക്ക് പരിചിതനായ വ്യക്തിയാണ് ആക്രമണം നടത്താൻ ശ്രമിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ മൊറോക്കോ സ്വദേശിയാണെന്നാണ് സൂചന. ബ്രസൽസിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നു കരുതുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇത് ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കൽ അറിയിച്ചു.