അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (15:30 IST)
യുക്രെയ്ൻ-
റഷ്യ സംഘർഷം ലഘൂകരിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്‌ച്ച നടത്തി. യുദ്ധം ഒഴിവാക്കണമെന്ന് മാക്രോൺ പുടിനോട് അഭ്യർത്ഥിച്ചു.ഇന്ന് യുക്രെയ്നിലെത്തി പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും മക്രോൺ കൂടിക്കാഴ്ച നടത്തും.
ഇതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. യുക്രെയ്നെ ആക്രമിക്കുന്ന പക്ഷം റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് വാതകം എത്തിക്കുന്ന നോർഡ് സ്ട്രീം 2 പൈപ്പ്‍ലൈൻ പദ്ധതി റദ്ദാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും പറഞ്ഞു.
അതേസമയം യുദ്ധമുണ്ടായാൽ അരലക്ഷം സാധാരണക്കാരുൾപ്പെടെ മുക്കാൽ ലക്ഷം പേർക്ക് ജീവഹാനിയുണ്ടാകുമെന്ന അമേരിക്കൻ പ്രസ്‌താവനയ്ക്കെതിരെ യുക്രെയ്‌ൻ രംഗത്തെത്തി.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. അതേസമയം നാറ്റോയെ ശക്തിപ്പെടുത്താൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇതിനിടെ പോളണ്ടിലേക്ക് 1,700 സൈനികരെ കൂടി
അമേരിക്ക നിയോഗിച്ചു.