ഹവാന|
aparna shaji|
Last Modified ശനി, 26 നവംബര്‍ 2016 (11:08 IST)
ക്യൂബൻ ഇതിഹാസം ഫിദൽ കാസ്ട്രോ(91) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് നേതാവും വിപ്ലവകാരിയുമായ കാസ്ട്രോ പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവൻ ആയിരുന്നു. 1926 ഓഗസ്റ്റ് 13-നു ജനിച്ചു. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് അധികാരത്തിലെത്തി. ഏറെ നാളുകളായി അദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു.
ക്യൂബയിൽ കാസ്ട്രോയുടെ ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ കാസ്ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. ലോക കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമല്ല, മനുഷ്യസ്നേഹികളെയും ഞെട്ടിക്കുന്ന വാർത്തയാണിത്. അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയിൽ മിസൈൽ താവളങ്ങൾ പണിഞ്ഞു, ആയുധങ്ങൾ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവം ക്യൂബൻ മിസ്സൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നു.
ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്ട്രോ പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചു. ആരോഗ്യ കാരണങ്ങളാൽ 2006ൽ അദ്ദേഹം അധികാരം ഒഴിഞ്ഞു. അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി. പല നിലയ്ക്കും പകരം വെക്കാനില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു ഫിദൽ കാസ്ട്രോയുടേത്.