അപർണ|
Last Modified ചൊവ്വ, 8 ജനുവരി 2019 (14:33 IST)
ഓമനിച്ചു വളർത്തിയ മൂന്ന് മക്കളും തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ ബിസിനസുകാരൻ മുൻ ഭാര്യയ്ക്കെതിരെ കോടതിയിൽ. മക്കൾ തന്റേതെന്നായിരുന്നു ഇയാൾ കരുതിയിരുന്നത്. എന്നാൽ, മൂന്ന് ആണ്മക്കളും സ്വന്തമല്ലെന്ന് ഇയാളറിയുന്നത് 24 വർഷങ്ങൾക്ക് ശേഷമാണ്. മുൻഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയ 55കാരനായ റിചാർഡ് മാസണാണ് കോടതിയെ സമീപിച്ചത്.
കുട്ടികളെ പ്രസവിച്ച് വളർത്തിയതിന്റെ പേരിൽ വിവാഹമോചന സമയത്ത് ഭാര്യ കെയ്റ്റ് ഏകദേശം 40 ലക്ഷം പൌണ്ട് ജീവനാംശമായി റിചാർഡിന്റെ കൈയിൽ നിന്നും വാങ്ങിയിരുന്നു. എന്നാൽ, കുട്ടികൾ തന്റേതല്ലാത്ത പക്ഷം വാങ്ങിയ തുക തിരികെ തരണമെന്ന് ആവശ്യപ്പെട്ടാണ് റിചാർഡ് കോടതിയെ സമീപിച്ചത്.
തനിക്ക് സിസ്റ്റിക് ഫൈപ്രോസിസ് ബാധിച്ചിരുന്നുവെന്ന് 2016ലാണ് റിചാർഡ് അറിയുന്നത്. ഈ രോഗം ബാധിക്കുന്ന പുരുഷന് ജൈവീകമായി കുട്ടികളുണ്ടാകാൻ ഒരു സാധ്യതയും കാണുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. അതിനാൽ തന്നെ മൂന്ന് പോയിട്ട് ഒരു കുട്ടിയുടെ പോലും പിതാവാകാൻ കഴിയിലെന്ന് ശസ്ത്രീയമായി തെളിയുകയായിരുന്നു.
ഒടുവിൽ ഡി എൻ എ പരിശോധനയും നടത്തി. ഇതിൽ കുട്ടികൾ തന്റേതല്ലെന്ന് വ്യക്തമാവുകയായിരുന്നുവെന്ന് മാസൺ കോടതിയെ അറിയിച്ചു.