ഹെയ്‌തിയിൽ ഭൂകമ്പം, മരണസംഖ്യ 300 കവിഞ്ഞു

അഭിറാം മനോഹർ| Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (09:36 IST)
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 300 കടന്നു. 2000ത്തോളം പേർക്ക് പരിക്കേറ്റു. റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പതിനായിരത്തോളം വീടുകൾ തകർന്നു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഹെയ്‌തി തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്-ഓ-പ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി.

അതേസമയം ഹെയ്തി തീരത്ത് സുനാമിയോ മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 2010 ജനുവരിയില്‍ റിക്ടര്‍സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ടുലക്ഷത്തിലധികംപേര്‍ മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :