ഭൂമിയില്‍ ചൂടുകൂടുന്നതിനു കാരണം പ്രേതകണങ്ങള്‍, പാവം സൂര്യനെന്തുപിഴച്ചു...!

റോം| VISHNU N L| Last Updated: ശനി, 22 ഓഗസ്റ്റ് 2015 (12:49 IST)
ഭൂമിയില്‍ അതികഠിനമായി ചൂടുവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്താണിതിനു കാരണം. ആഗോള താപനം, സൂര്യ താപം കൂടുതല്‍ ഭൂമിയിലെത്തുന്നു. ഓസോണ്‍ പാളിയിലെ വിള്ളല്‍ തുടങ്ങി പലകാരണങ്ങള്‍ ശാസ്ത്രലോകം നമുക്ക് നിരത്തി തന്നിട്ടുണ്ട്. എന്നാല്‍ കാരണങ്ങള്‍ ഇതൊന്നുമല്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും. ഭൂമിയില്‍ ചൂടുകൂടുന്നത് പ്രേതകണങ്ങള്‍ അഥവ ഗോസ്റ്റ് പാര്‍ട്ടിക്കിള്‍സ് എന്ന് ശാസ്ത്രലോകം വിളിക്കുന്ന ചെറിയ കണങ്ങള്‍ മൂലമാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയിലെ അപെന്നീനി പർവതനിരകൾക്കു താഴെ തീർത്ത ഗ്രാൻ സസോ എന്ന നാഷണൽ ലബോറട്ടറിയിലാണ് ഇതുസംബന്ധിച്ച കണ്ടുപിടുത്തം നടന്നത്. ഭൗമോപരിതലത്തിൽ നിന്ന് ഒന്നര കിലോമീറ്റർ താഴെയുള്ള ഈ ലാബിലെ ബൊറെക്സിനോ ന്യൂട്രിനോ ഡിറ്റക്ടർ എന്ന കൂറ്റൻ ഉപകരണം ഉപയോഗിച്ചായിരുന്നു പരീക്ഷണം. പ്രത്യേക ദ്രാവകം നിറച്ച ചെറിയ ഗോളങ്ങൾ ചേർന്നതാണ് ഈ ഉപകരണം. ഇതുപയോഗിച്ച് വര്‍ഷങ്ങളായി നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍ നടന്നത്.

ന്യൂട്രിനോകള്‍ എന്നറിയപ്പെടുന്ന സ്വന്തമായി അസ്തിത്വമില്ലാത്ത കണങ്ങളാണ് പ്രേതകണങ്ങള്‍. ന്യൂക്ലിയർ റിയാക്‌ഷനുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന സബ്അറ്റോമിക് പാർട്ടിക്കിളുകളാണ് ന്യൂട്രിനോകൾ. അസ്ഥിരങ്ങളായ ആറ്റങ്ങളുടെ അപചയം കൊണ്ടും ഇവ സൃഷ്ടിക്കപ്പെടാം. എന്നാല്‍ ഇവയെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇലക്ട്രോണുക്ലേക്കാള്‍ വളരെ ചെറുതായതിനാല്‍ ഏതാണ്ട് അദൃശ്യമായി സഞ്ചരിക്കുന്നതിനാലാണ് ഇവരെ പ്രേത കണങ്ങള്‍ എന്ന് വിളിക്കുന്നത്.

ഇവയ്ക്ക് ഇലക്ട്രിക് ചാർജുമില്ല. മറ്റ് കണികകളുമായി കൂടിച്ചേരലുമില്ല. ആറ്റത്തോടൊപ്പം പോലും അപൂർവമായേ ചേരാറുള്ളൂ. പക്ഷേ എപ്പോഴെങ്കിലും ചേരുകയാണെങ്കിൽ വെളിച്ചത്തിന്റെ ഒരു തരിഫ്ലാഷുണ്ടാകും. അത് പ്രത്യേക ഉപകരണങ്ങളുടെ സഹായത്താൽ പകർത്തിയാണ് ശാസ്ത്രജ്ഞർ ന്യൂട്രിനോകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ ഭൂമിയില്‍ ഇത് എവിടെ നിന്ന് വരുന്നു എന്ന് ശാസ്ത്രഞ്ജര്‍ക്ക് അറിവില്ലായിരുന്നു.

ഇറ്റാലിയന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അത് കണ്ടെത്തി. ഭൂമിയുടെ അന്തർഭാഗത്ത് നടക്കുന്ന റേഡിയോ ആക്ടീവ് പദാർഥങ്ങളുടെ അപചയത്തിലൂടെയാണത്രേ ഇവ സൃഷ്ടിക്കപ്പെടുന്നത്. ‌ആറ്റങ്ങളുമായി ന്യൂട്രിനോകളുടെ ‘ഇടി’യ്ക്ക് കൃത്രിമസംവിധാനങ്ങൾ തയാറാക്കിയാണ് ഗവേഷകർ ഇവയെപ്പറ്റി കൂടുതൽ പഠിച്ചത്. 2200 സെൻസറുകളായിരുന്നു ഭൂഗർഭ ലാബിൽ ന്യൂട്രിനോ–ആറ്റം ഇടി മൂലമുള്ള ഫ്ലാഷ് ലൈറ്റ് പിടിച്ചെടുക്കാനുണ്ടായിരുന്നത്. ഡിറ്റക്ടർ ഉപയോഗിച്ച് 2056 ദിവസം ഡേറ്റ ശേഖരണം നടന്നു. 24 ജിയോന്യൂട്രിനോകളെ കണ്ടെത്തി. അവയിൽ 11 എണ്ണം വന്നത് ഭൂമിയുടെ മാന്റിലിൽ (ഭൂമിയുടെ കോറിനും ക്രസ്റ്റിനും ഇടയിൽ പാറ ഉരുകിയ അവസ്ഥയിൽ കിടക്കുന്ന ഭാഗം) നിന്ന്. 13 എണ്ണം ക്രസ്റ്റിൽ നിന്നും.

ഭൂമിയുടെ അന്തർഭാഗത്തെ ഓരോ റേഡിയോ ആക്ടീവ് ഐസോടോപ്പുകളെയും ഗവേഷകർക്ക് ഇനി പിൻപോയിന്റ് ചെയ്യാൻ സാധിക്കും. അവയുൽപാദിപ്പിക്കുന്ന ചൂട് എങ്ങനെയാണ് അഗ്നിപർവതങ്ങളെയും ഭൂകമ്പങ്ങളെയും സ്വാധീനിക്കുന്നതെന്നും പഠിക്കാം. ഭൂമിയുടെ കേന്ദ്രത്തെപ്പറ്റിയുള്ള പഠനത്തിനും ഏറെ സഹായകരമാകുന്നതാണ് ഈ കണ്ടെത്തൽ. ലോകത്തെ സകല പവർ സ്റ്റേഷനുകളിലും ഉൽപാദിപ്പിക്കപ്പെടുന്ന താപത്തിന്റെ 20 മടങ്ങ് അധികമാണ് ഭൂമിയുടെ അന്തർഭാഗത്തു നിന്ന് ഉൽപാദിപ്പിക്കപ്പെടുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

ഭൂമിയിലുണ്ടാകുന്ന ചൂടിന്റെ 70 ശതമാനവും റേഡിയോ ആക്ടിവിറ്റിയിലൂടെയാണെന്നാണ് ഈ ജിയോന്യൂട്രിനോകൾ തെളിയിക്കുന്നത്. ഇതുസംബന്ധിച്ച കൃത്യമായ കണക്കിന് പക്ഷേ 17 വർഷത്തെ ഡേറ്റയെങ്കിലും ശേഖരിക്കേണ്ടി വരും. ഭൂമിയുടെ അന്തർഭാഗത്തുകൂടെയുള്ള റേഡിയോ ആക്ടീവ് പദാർഥങ്ങളുടെ വ്യാപനം പരിശോധിക്കുന്നതിന് കൂടുതൽ ജിയോന്യൂട്രിനോ ഡിറ്റക്റ്ററുകളുംആവശ്യമുണ്ട്. അതിനായുള്ള ആഹ്വാനവും ശാസ്ത്രലോകത്തോട് നടത്തിക്കഴിഞ്ഞു ഇറ്റാലിയൻ ഗവേഷക സംഘം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :