രണ്ട് മനുഷ്യരെ വിഴുങ്ങിയതിനു പിന്നാലെ മുതല മരിച്ചു ! ലോലോങ്ങിന്റെ മരണകാരണം മാനസിക പിരിമുറുക്കം, ചര്‍ച്ചയായി പുതിയ റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (14:31 IST)

ലോകത്ത് കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ മുതലയായ ലോലോങ്ങിന്റെ മരണകാരണം ചര്‍ച്ചയാകുന്നു. ലോലോങ് മരിച്ചത് മാനസിക പിരിമുറുക്കം കാരണത്താല്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2013 ലാണ് 21 അടി നീളമുള്ള കൂറ്റന്‍ മുതല മരിച്ചത്. 2012 ല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോലോങ് മരിക്കുന്ന സമയത്ത് മാനസികമായി ഏറെ പിരിമുറുക്കത്തില്‍ ആയിരുന്നെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ട് മനുഷ്യരെ ഈ മുതല അകത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുതല ടെന്‍ഷന്‍ അടിക്കാന്‍ തുടങ്ങിയത്. ഫിലിപ്പീന്‍സിലെ ബുനാവാനില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയെ മുതല ഭക്ഷണമാക്കിയെന്ന വിവരം ലഭിച്ചതോടെയാണ് അധികൃതര്‍ ലോലോങ്ങിനെ പിടികൂടി തടവിലാക്കിയത്. രണ്ട് വര്‍ഷം മുമ്പ് 12 വയസുള്ള പെണ്‍കുട്ടിയെയും മുതല ഭക്ഷണമാക്കിയിരുന്നു.

ഏതാണ്ട് ഒരു ടണ്ണായിരുന്നു ലോലോങ്ങിന്റെ ഭാരം. മത്സ്യത്തൊഴിലാളിയുടെ മരണത്തിന് ശേഷം പിടിയിലായ മുതല പിന്നീട് ഫിലിപ്പീന്‍സിലെ ടൂറിസം പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ശേഷം രണ്ട് വര്‍ഷത്തോളം ലോലോങ് പാര്‍ക്കില്‍ കഴിഞ്ഞു. മരിക്കുന്നതിന് ആഴ്ചകള്‍ മുമ്പ് ലോലോങ് അസുഖബാധിതനായിരുന്നു. വയര്‍ അസാധാരണമാം വിധം വീര്‍ത്തിരുന്നു. ഭക്ഷണം കഴിക്കാനും താല്‍പര്യം കുറഞ്ഞു. മരിക്കുന്നതിനു ഒരു മാസം മുന്‍പ് തൊട്ട് ഭക്ഷണം കഴിക്കുന്നത് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

2013 ഫെബ്രുവരിയില്‍ ഫംഗസ് അണുബാധ മൂലവും അത്രയും നാള്‍ തടവില്‍ കഴിഞ്ഞതിന്റെ പിരിമുറുക്കം മൂലവും ലോലോങ് വിടപറഞ്ഞു. നിരവധി പേരുടെ അഭ്യര്‍ത്ഥന പ്രകാരം ലോലോങ്ങിന്റെ മൃതദേഹം ഇപ്പോഴും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :