കാരണങ്ങൾ പലത്; ബുർഖ നിരോധിച്ച പത്ത് രാജ്യങ്ങൾ ഇവയൊക്കെ

ലോകത്ത് ആദ്യമായി ബുര്‍ഖ നിരോധിക്കുന്നത് ഫ്രാന്‍സിലാണ്.

Last Modified ചൊവ്വ, 7 മെയ് 2019 (15:54 IST)
ഇസ്ലാം മതവിശ്വാസികളുടെ വേഷമായ ബുര്‍ഖ ഏറ്റവും അവസാനമായി നിരോധിച്ചത് ശ്രീലങ്കയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനം ഉയര്‍ത്തിയ ഭീഷണിയിലാണ് ആളുകളെ തിരിച്ചറിയാന്‍ മുഖം മറച്ചുളള വസ്ത്രധാരണം വേണ്ടെന്ന് തീരുമാനിക്കുന്നത്.

ലോകത്ത് ആദ്യമായി ബുര്‍ഖ നിരോധിക്കുന്നത് ഫ്രാന്‍സിലാണ്. 2011 ഏപ്രിലില്‍ പൊതു സ്ഥലങ്ങളിലടക്കം ബുര്‍ഖ ധരിച്ചുവരുന്നത് ഫ്രാന്‍സ് നിയമം മൂലം നിരോധിച്ചു. നിയമം ലംഘിച്ച് ബുര്‍ഖ ധരിച്ചുവരുന്നവരില്‍ നിന്ന് 150 യൂറോയും മുഖം മറയ്ക്കാന്‍ യുവതികളെ നിര്‍ബന്ധിക്കുന്നവരില്‍ നിന്ന് 30,000 യൂറോയും പിഴ ഈടാക്കുകയും ചെയ്യും.

ഫ്രാന്‍സിന് പിന്നാലെ 2011ല്‍ ബെല്‍ജിയവും ബുര്‍ഖ നിരോധനം നടപ്പിലാക്കി. നിയമം ലംഘിച്ചാല്‍ 15 മുതല്‍ 25 വരെ യൂറോ പിഴയാണ് ബെല്‍ജിയത്തില്‍ നിലവിലുളളത്. ബുര്‍ഖ നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം ബെല്‍ജിയത്തിലുണ്ടായി. ബെല്‍ജിയത്തിന് പിന്നാലെ നെതര്‍ലാന്‍ഡ്‌സും മുഖം മറച്ചുളള വസ്ത്രധാരണത്തിനെതിരെ രംഗത്തെത്തി. സ്‌കൂള്‍, ആശുപത്രി, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് വരുന്നതിനാണ് വിലക്ക്. അതേസമയം പൊതുനിരത്തില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതിന് വിലക്കുകളില്ല.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ റിപ്പബ്ലിക് ഓഫ് കോംഗോയാണ് മുഖം മറച്ചുളള വസ്ത്രധാരണം ആദ്യമായി നിരോധിച്ച രാജ്യം. ആകെ ജനസംഖ്യയില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം മുസ്ലിം ജനസംഖ്യയുളള കോംഗോയില്‍ സുരക്ഷാഭീഷണി ഉന്നയിച്ചാണ് 2015 മേയില്‍ നിരോധനം നടപ്പിലാക്കിയത്. മുസ്ലിം ഭൂരിപക്ഷമുളള രാജ്യങ്ങളില്‍ ചാഡാണ് മുഖാവരണത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. ബോക്കോ ഹറാം രാജ്യത്ത് നടത്തിയ സ്‌ഫോടനത്തിന് പിന്നാലെയാണ് 2015 ജൂണില്‍ നിരോധനം നടപ്പിലാക്കിയത്.

2015 ജൂലൈയില്‍ മുഖം മറച്ചെത്തിയ സ്ത്രീകള്‍ നടത്തിയ ചാവേര്‍ ആക്രമണത്തെ തുടര്‍ന്നാണ് ​ഗാബോണിൽ നിശ്ചിത സ്ഥലങ്ങളിൽ മുഖം മറച്ചുളള വസ്ത്രധാരണ നിരോധനം നടപ്പാക്കിയത്. ബള്‍ഗേറിയയിൽ 2016ലാണ് നിരോധിച്ചത്. ഇത് ലംഘിക്കുന്നരില്‍ നിന്ന് പിഴ ഈടാക്കുകയും സര്‍ക്കാര്‍ സഹായങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തു. ആംനെസ്റ്റി ഇന്റര്‍നാഷണലില്‍ നിന്ന് അടക്കം ഇതിനെതിരെ കടുത്ത വിമര്‍ശനം ബള്‍ഗേറിയക്കെതിരെ ഉയര്‍ന്നു. ഭീകരാക്രമണങ്ങളും സുരക്ഷാഭീഷണികളും ചൂണ്ടിക്കാട്ടിയാണ് മറ്റ് രാജ്യങ്ങളില്‍ ബുര്‍ഖ നിരോധിച്ചതെങ്കില്‍ ലാത്വിയയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് 2016ല്‍ നിരോധനം നടപ്പാക്കിയത്.

2017 ജനുവരിയിലാണ് പൊതുസ്ഥലങ്ങളില്‍ മുഖം മറച്ച് പ്രത്യക്ഷപ്പെടുന്നതിന് ഓസ്ട്രിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ പുരോ​ഗമനപരമായ നിലപാട് അം​ഗീകരിക്കാൻ കഴിയാത്തവർക്ക് രാജ്യം വിട്ടുപോകാമെന്നും ഓസ്ട്രിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഡെൻമാർക്കിൽ 2018 ഓഗസ്റ്റിലാണ് ബുര്‍ഖ നിരോധിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക്
115 പൗണ്ടാണ് പിഴ. വീണ്ടും ആവര്‍ത്തിക്കുന്നവരിൽ നിന്നും 1,150 പൗണ്ട് ഈടാക്കും. ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ ചില നഗരങ്ങളിലും ഭാഗികമായി മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :