സിഡ്‌നി|
jibin|
Last Modified ചൊവ്വ, 5 ജനുവരി 2016 (12:42 IST)
മാധ്യമപ്രവര്‍ത്തകയെ മദ്യപിക്കാന്‍ ക്ഷണിച്ച സംഭവത്തില്‍ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മാപ്പ് പറഞ്ഞു. ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിനിടെ ഇന്റര്‍വ്യൂവിന് സമീപിച്ചപ്പോഴാണ് തന്റെ ഒപ്പം മദ്യപിക്കാൻ വനിതാ ചാനൽ റിപ്പോർട്ടറായ മെൽ മക്‌ലാഫ്‌ലിനെ വിന്‍ഡീസ് താരം ക്ഷണിച്ചത്. സംഭവം വിവാദമായതോടെ താരത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുകയും ചെയ്‌തതോടെയാണ് ഗെയ്ല്‍ പരസ്യ ക്ഷമാപണം നടത്തിയത്.
ബിഗ് ബാഷ് ലീഗില്‍ ഹെബാര്‍ട്ട് ഹറികേയ്ന്‍സിനെതിരയുള്ള മത്സരത്തിനിടെയാണ് വിവാദപരമായ സംഭവം. മെല്‍ബണ്‍ റെനെഗഡ്സ് താരമായ ഗെയ്ല്‍ ഔട്ട് ആയി പവലിയനിലെത്തിയപ്പോള്‍ ഇന്റര്‍വ്യൂവിനായി സമീപിച്ച മെല്‍ മക്ളാഫ്ലിനോടാണ് അപമര്യാദയായി പെരുമാറിയത്. ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനെ പറ്റി ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് വിവാദമായത്.
'നിങ്ങളുമായി ഒരു ഇന്റർവ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകൾ ആദ്യമായി നേരിട്ട് കാണാൻ സാധിച്ചു, വളരെ നല്ലത്' എന്നിങ്ങനെ പറഞ്ഞ് തുടങ്ങിയ ഗെയ്‌ൽ ഈ മത്സരം ജയിച്ചശേഷം ഒരുമിച്ച് മദ്യപിക്കാമെന്നും, നാണിക്കേണ്ടെന്നും പറഞ്ഞു. സംസാരത്തിനിടെ മെല്‍ വിഷയം മാറ്റി പരുക്കുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വേഗം ഉത്തരം നല്‍കിയ ശേഷം പഴയപടി സംസാരം തുടരുകയായിരുന്നു. ഇതോടെ ഗെയ്ലിനോട് നന്ദി പറഞ്ഞ് മെല്‍ മടങ്ങുകയായിരുന്നു.
ഗെയ്‌ലിന്റെ പരാമർശത്തെ ബിഗ് ബാഷ് ലീഗ് തലവൻ അന്റണി എവറാർഡും വിമർശിച്ചു. ഗെയ്‌ൽ മാപ്പ് പറയണമെന്ന് ചാനൽ 10-ന്റെ കായിക വിഭാഗം തലവൻ ഡേവിഡ് ബർഹാം ആവശ്യപ്പെട്ടു. അതേസമയം, നടന്നത് തമാശ മാത്രമായിരുന്നുവെന്ന് ഗെയ്ൽ പിന്നീട് പ്രതികരിച്ചു. സംഭവത്തിന്റെ പേരില്‍ താരത്തിന് അധികൃതര്‍ 10,000 ഡോളര്‍ പിഴ ചുമത്തി.