സിഡ്‌നി|
jibin|
Last Updated:
വെള്ളി, 20 നവംബര്‍ 2015 (15:26 IST)
സഹതാരങ്ങള്‍ക്കെതിരെയും മുന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. തന്റെ പുതിയ പുസ്തകമായ ആഷസ് ഡയറീസ് 2015എന്ന പുസ്തകത്തിലാണ് ക്ലാര്‍ക്ക് തന്നെ വിമര്‍ശിച്ചവര്‍ക്കു നേരെ ആഞ്ഞടിച്ചിരിക്കുന്നത്. ആന്‍ഡ്രൂ സൈമണ്ട്സ്, മാത്യു ഹെയ്‌ഡന്‍ എന്നീ താരങ്ങളെ ശക്തമായ ഭാഷയിലാണ് ഓസീസ് മുന്‍ നായകന്‍ വിമര്‍ശിച്ചത്.
ആന്‍ഡ്രൂ സൈമണ്ട്സ്, മാത്യു ഹെയ്‌ഡന്‍ എന്നീ താരങ്ങളെയാണ് ക്ലാര്‍ക്ക് തന്റെ ബുക്കിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ക്ലാര്‍ക്കിന്റെ തുടക്കത്തില്‍ ക്ലാര്‍ക്കും സൈമണ്ട്‌സും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. പിന്നീട് ക്ലാര്‍ക്ക് നായകസ്ഥനത്തേക്ക് എത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. മദ്യപിച്ച് ടീം മീറ്റിംഗില്‍ പങ്കെടുക്കുകയും കളിക്കാന്‍ എത്തുകയും ചെയ്‌ത സൈമണ്ട്‌സ് പതിയെ ടീമില്‍ നിന്ന് പുറത്തായി. ഇതോടെയാണ് ക്ലാര്‍ക്കും സൈമണ്ട്‌സും തമ്മില്‍ വാക്പോര് രൂക്ഷമായത്. പിന്നീട് ഒരു വാര്‍ത്താസമ്മേളനത്തില്‍ ക്ലാര്‍ക്ക് ഓസീസ് ടീം നായകനാകാന്‍ യോഗ്യതയില്ലാത്തവന്‍ ആണെന്നും പറഞ്ഞു. ഇതിനെതിരെയും ക്ലാര്‍ക്ക് തന്റെ ബുക്കില്‍ വ്യക്തമായി പറയുന്നുണ്ട്.
തന്റെ ക്യാപ്‌റ്റന്‍സിയെക്കുറിച്ച് വിലയിരുത്താന്‍ സൈമണ്ട്സ് പ്രാപ്തനല്ല. മദ്യപിച്ച് രാജ്യത്തിനുവേണ്ടി കളിക്കാനത്തെിയ ആളാണ് സൈമണ്ട്സ്. അയാളുടെ വാക്കുകള്‍ ആരെങ്കിലും മുഖവിലക്കെടുക്കുമോയെന്നും ക്ലാര്‍ക്ക് ചോദിച്ചു. ഒരു നേതൃത്വത്തെ വിമര്‍ശിക്കാനുള്ള ഒരു കഴിവുമില്ലാത്ത ആളാണു സൈമണ്ട്സ്. കള്ളുകുടിച്ചു കൂത്താടിയതിന്റെ പേരില്‍ 2009 ല്‍ ടീമില്‍ നിന്ന് കരാര്‍ റദ്ദാക്കി ഒഴിവാക്കിയ അദ്ദേഹത്തിനെങ്ങനെയാണ് ക്യാപ്റ്റനെ വിമര്‍ശിക്കാനാവുക. അദ്ദേഹം ഒരിക്കലും നല്ല ക്രിക്കറ്ററായിരുന്നില്ലെന്നു ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
കരിയറിന്റെ തുടക്കത്തില്‍ ബാറ്റ്‌സ്‌മാന്റെ അടുത്ത് ഫീല്‍ഡ് ചെയ്യാന്‍ റിക്കി പോണ്ടിംഗ് ആവശ്യപ്പെട്ടപ്പോള്‍ ക്ലാര്‍ക്ക് അത് നിരസിച്ചെന്നാണ് ഹെയ്‌ഡന്‍ വെളിപ്പെടുത്തിയിരുന്നത്. ഫീല്‍ഡ് ചെയ്യാന്‍ പോണ്ടിംഗ് ആവശ്യപ്പെട്ടപ്പോള്‍ ചെയ്യില്ലെന്നു ക്ലാര്‍ക്ക് പറഞ്ഞുവെന്നും കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ബാഗി ഗ്രീന്‍ ക്യാപ്പ് തിരികെ നല്‍കുമെന്നുമാണ് ക്ലാര്‍ക്ക് പറഞ്ഞതെന്നാണ് ഹെയ്‌ഡന്‍ പറഞ്ഞത്. എന്നാല്‍, താന്‍ അങ്ങനെ ഒരിക്കലും പോണ്ടിംഗിനോട് പറഞ്ഞിട്ടില്ലെന്നും ക്ലാര്‍ക്ക് തന്റെ ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഓസീസിനായി കളിക്കുന്ന താന്‍ അത്തരത്തില്‍ ഒരു പ്രസ്‌താവന നടത്തില്ല. ടീമിനായി കളിക്കുന്നത് അഭിമാനമായിട്ടാണ് കാണുന്നത്. ഹാര്‍ബര്‍ പാലത്തില്‍ നിന്ന് ചാടണമെന്ന് പോണ്ടിംഗ് പറഞ്ഞാല്‍ താന്‍ അനുസരിക്കും. അങ്ങനെയുള്ള ഞാന്‍ ഒരിക്കലും പോണ്ടിംഗിനോടു നോ പറഞ്ഞിട്ടില്ലെന്നും ബുക്കിലൂടെ ക്ലാര്‍ക്ക് വ്യ്ക്തമാക്കുന്നുണ്ട്.
ഓസീസ് ദേശീയ ക്രിക്കറ്റ് ടീമംഗങ്ങള്‍ ധരിക്കുന്ന തൊപ്പിയായ ബാഗി ഗ്രീനിന് സ്റ്റീവ് വോ, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിംഗ്
തുടങ്ങിയവര്‍ വേറിട്ട സംസ്കാരം തന്നെ സമ്മാനിച്ചിരുന്നു. എന്നാല്‍, മൈക്കല്‍ ക്ലാര്‍ക്കിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ അതു മാഞ്ഞുപോയെന്നും അതില്‍ നിരാശയുണ്ടെന്നുമായിരുന്നു ബുക്കാനന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നത്.
ഇതിന് ക്ലാര്‍ക്ക് മറുപടി നല്‍കിയത് ഇങ്ങനെ: 'കഴിഞ്ഞ 12 വര്‍ഷമായി രാജ്യത്തിനെ പ്രതിനിധീകരിച്ച് കളിച്ചയാളാണ് താന്‍. 389 തവണ ബാഗി ഗ്രീന്‍ അണിയാനായി. ഓസീസിനായി കളിക്കുന്നത് അത്രമേല്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍. എന്നാല്‍ രാജ്യത്തിനായി ഒരു മത്സരം പോലും കളിക്കാത്തയാളാണ് ബുക്കാനന്‍. അങ്ങനെയൊരാള്‍ക്ക് ബാഗി ഗ്രീനിനെക്കുറിച്ച് എന്തറിയാം? ലോകത്തെ പ്രഗല്ഭരായ താരങ്ങള്‍ അണിനിരന്ന കാലത്താണ് അദ്ദേഹം ടീം പരിശീലകനായത്. അദ്ദേഹത്തിന്റെ
സ്ഥാനത്ത് എന്റെ വളര്‍ത്തുനായ ജെറി ആണെങ്കിലും ഈ നേട്ടങ്ങള്‍ കൈവരിക്കുമായിരുന്നുവെന്നും
ക്ലാര്‍ക്ക് വ്യക്തമാക്കി.