അഭിറാം മനോഹർ|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2025 (12:40 IST)
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യക്കെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച തീരുവ വര്‍ധനവില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇന്ത്യയിലെ ചൈനീസ് അംബാസഡറായ ഷു ഫെയ്‌ഹോങ്ങ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ 50 ശതമാനം താരിഫിനെയാണ് ചൈനീസ് അംബാസഡര്‍ വിമര്‍ശിച്ചത്. 'Give the bully an inch, he will take a mile' എന്ന ഇംഗ്ലീഷ് പ്രയോഗമാണ് ചൈനീസ് അംബാസഡര്‍ എക്‌സില്‍ കുറിച്ചത്.
താരിഫ് ആയുധമാക്കി മറ്റ് രാജ്യങ്ങളെ അടിച്ചമര്‍ത്തുന്നത് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും ഇത് ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നും ചൈനീസ് അംബാസഡര്‍ വ്യക്തമാക്കി. ഇന്ത്യയുടെ കാര്‍ഷിക- പാല്‍ ഉല്പാദന മേഖലയെ വിദേശവിപണിക്ക് തുറന്ന് നല്‍കനമെന്നും റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി നിര്‍ത്തലാക്കണമെന്നുമാണ് യുഎസ് ആവശ്യപ്പെടുന്നത്. റഷ്യന്‍ എണ്ണയുടെ വലിയ ഇറക്കുമതിക്കാര്‍ എന്ന നിലയില്‍ ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുകളിലും ട്രംപ് താരിഫ് ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നും അമേരിക്കന്‍ ആവശ്യം ഇന്ത്യ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് കഴിഞ്ഞ ദിവസവും ട്രംപ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ബ്രസീല്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി തിരക്കിട്ട ചര്‍ച്ചകളിലാണ് ഇന്ത്യ.