മുംബൈ|
Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (11:57 IST)
ഇന്ത്യയിലെ അടിസ്ഥാന സൗകര്യമേഖലയില്‍ ചൈന 6 ലക്ഷം കോടി രൂപ നിക്ഷേപിക്കും. വ്യവസായ പാര്‍ക്കുകള്‍, റെയില്‍വെ നവീകരണം, ഹൈവേ-തുറമുഖ വികസനം, ഊര്‍ജം, ഓട്ടോമൊബീല്‍, ഭക്ഷ്യസംസ്‌കരണം, ടെക്‌സറ്റൈല്‍ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം. കഴിഞ്ഞ ആഴ്ചയില്‍ മോഡിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ 35,000 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് കരാറിലായിരുന്നത്. ഇതിന്റെ മൂന്നിരട്ടിയോളമാണ് ചൈനയില്‍നിന്നുള്ള നിക്ഷേപം.
ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുമെന്ന് മുംബൈയിലെ ചൈനീസ് കൗണ്‍സല്‍ ജനറല്‍ ലിയൂ യൗഫ പറഞ്ഞു. പൂനെ ഗാന്ധിനഗറിലെ ഓട്ടോമൊബൈല്‍ വ്യവസായ പാര്‍ക്കിലാണ് ആദ്യം നിക്ഷേപം നടത്തുക. 700 കോടി ഡോളറാണ് ഇവിടെ നിക്ഷേപിക്കുക.
അഞ്ച് ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്നതാണ് പദ്ധതി. ഇതിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഊര്‍ജ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഗുജറാത്ത് വ്യവസായ പാര്‍ക്ക് നിര്‍മിക്കുന്നത്. തുണിവ്യവസായം ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ തുടങ്ങുന്ന വ്യവസായ പാര്‍ക്കുകളിലും ചൈന നിക്ഷേപം നടത്തും.