അഭിറാം മനോഹർ|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (11:13 IST)
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരായ തീരുവയുദ്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുപ്പിച്ചതോടെ നയതന്ത്രമേഖലയില്‍ വലിയ മാറ്റത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരെ ഇന്ത്യ- റഷ്യ- ചൈന സഖ്യം രൂപപ്പെടുന്നത് അമേരിക്കയുടെ ഭാവിയ്ക്ക് നല്ലതാവില്ല എന്ന തരത്തില്‍ അമേരിക്കകത്ത് തന്നെ വിമര്‍ശനമുയരുന്നുണ്ട്. ഇതിനിടെ സൈനികമായി ഉത്തരകൊറിയ- റഷ്യ- ചൈന സഖ്യത്തിലും പുരോഗതി സംഭവിച്ചിട്ടുണ്ട്. ഉത്തരക്കൊറിയന്‍ നേതാവ് കിംഗ് ജോങ് ഉന്‍ നടത്തിയ ചൈനീസ് സന്ദര്‍ശനത്തില്‍ വലിയ പുരോഗതിയാണ് നയതന്ത്രബന്ധത്തില്‍ ഉണ്ടായിരിക്കുന്നത്.
ചൈനയിലെ സൈനിക പരേഡില്‍ കിംഗ് ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമാണ് പ്രധാന അതിഥികളായെത്തിയത്. സന്ദര്‍ശനത്തില്‍ ചൈനീസ് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചൈന തങ്ങളുടെ സുഹൃത്തും ഉറച്ച പങ്കാളിയുമാണെന്നും ചൈനീസ് താത്പര്യങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും കിംഗ് ജോങ് ഉന്‍ വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി പിന്‍ പിങ്ങിന്റെ അടുത്ത സഹപ്രവര്‍ത്തകരായ സി ക്വി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരും കിംഗ് ജോങ് ഉന്നിനൊപ്പം ഉണ്ടായിരുന്നു. പരേഡ് വേളയില്‍ റഷ്യന്‍ പ്രസിഡന്റുമായും കിംഗ് ജോങ് ഉന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. മോസ്‌കോയും പ്യോങ്ങോങ്ങും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുന്നതായും യുക്രെയ്ന്‍ യുദ്ധത്തില്‍ ഉത്തരക്കൊറിയയുടെ പങ്ക് നിര്‍ണായകമാണെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധത്തില്‍ ഉത്തരക്കൊറിയ ആയിരക്കണക്കിന് സൈനികരെയും വെടിക്കോപ്പുകളും മിസൈലുകളും റഷ്യയ്ക്ക് കൈമാറിയെന്ന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും വിമര്‍ശിക്കുന്നതിനിടെയാണ് കിം ജോങ്ങിന്റെ തുറന്ന് പറച്ചില്‍.