അഫ്ഗാനിൽ കയറിയുള്ള കളി വേണ്ട, യു എസ് നീക്കത്തെ എതിർത്ത് പാകിസ്ഥാനും ചൈനയും റഷ്യയും ഇറാനും

russia china
അഭിറാം മനോഹർ| Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (16:30 IST)
അഫ്ഗാനിസ്ഥാനിലും പരിസരത്തും സൈനികത്താവളങ്ങള്‍ സ്ഥാപിക്കാനുള്ള യുഎസ് നീക്കത്തെ എതിര്‍ത്ത് പാകിസ്ഥാനും റഷ്യയും ചൈനയും ഇറാനും. കാബൂളിന്റെ പരമാധികാരത്തെയും ഭൂമിശാസ്ത്രപരമായ അഖണ്ഡതയേയും യുഎസ് മാനിക്കണമെന്നാണ് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. അടുത്തിടെയാണ് അഫ്ഗാനിലെ ബഗ്രാം വ്യോമത്താവളം തിരികെ പിടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

യുഎന്‍ പൊതുസഭയുടെ എണ്‍പതാം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ നാല് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പങ്കുവെയ്ക്കുകയായിരുന്നു. നേരത്തെ ബഗ്രാം വ്യോമത്താവളത്തിന്റെ നിയന്ത്രണം തിരികെ തരണമെന്ന അമേരിക്കന്‍ ആവശ്യം താലിബാന്‍ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മേഖലയിലെ പ്രധാന രാജ്യങ്ങള്‍ താലിബാന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.


അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് വടക്ക് സ്ഥിതി ചെയ്യുന്ന ബഗ്രാം അഫ്ഗാനിലെ ഏറ്റവും വലിയ വ്യോമത്താവളമാണ്. താലിബാനെതിരെ 20 വര്‍ഷമായി യുഎസ് നടത്തിയ യുദ്ധത്തില്‍ യുഎസ് സൈനിക നടപടികളുടെ കേന്ദ്രം ബഗ്രാമായിരുന്നു. ചൈനയുടെ ആണവനിലയത്തിനരികെ നില്‍ക്കുന്ന സ്ഥലമാണ് ബഗ്രാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :