1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Bill gates apologizes jeffrey epstein links

റഷ്യൻ യുവതികളുമായി ബന്ധമുണ്ടായിരുന്നു, എപ്സ്റ്റീൻ ബന്ധത്തിൽ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്

എപ്സ്റ്റീൻ ഇരകളാക്കിയ പെൺകുട്ടികളുമായി ബന്ധമുണ്ടായിട്ടില്ലെന്നും ഗേറ്റ്സ്

Bill Gates
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകത്തെ പ്രമുഖ കോടീശ്വരനുമായ ബില്‍ ഗേറ്റ്സ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍ ജീവനക്കാരോട് മാപ്പ് പറഞ്ഞു.  മുന്‍ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സുമായി വിവാഹിതനായിരിക്കെ രണ്ട് റഷ്യന്‍ വനിതകളുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ബില്‍ ഗേറ്റ്‌സ് നടത്തി. എന്നാല്‍ എപ്സ്റ്റീന്‍ ഇരകളാക്കിയ പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിട്ടില്ലെന്നും ഗേറ്റ്‌സ് തുറന്നു പറഞ്ഞു.
 
ഫെബ്രുവരി 24ന് ഗേറ്റ്സ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ഉദ്യോഗസ്ഥ ടൗണ്‍ ഹാള്‍ യോഗത്തിലാണ് ബില്‍ ഗേറ്റ്സ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആ യോഗത്തിന്റെ ശബ്ദരേഖ പരിശോധിച്ചതിന് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
 
'ഞാന്‍ ഒരു നിയമവിരുദ്ധ കാര്യവും ചെയ്തിട്ടില്ല. ഒരു നിയമവിരുദ്ധ കാര്യവും കണ്ടിട്ടില്ല' ഞാന്‍ കാരണം ഇതിലേക്ക് വലിചിഴയ്ക്കപ്പെട്ടവരോട് ഞാന്‍ മാപ്പ് പറയുന്നു. എപ്സ്റ്റീനുമായി സമയം ചെലവിട്ടത് തെറ്റായി പോയി. 2011ല്‍ എപ്സ്റ്റീനെ പരിചയപ്പെട്ടത് മുതല്‍ ഭാര്യയായിരുന്ന മെലിന്‍ഡ എപ്സ്റ്റീനില്‍ സംശയാലുവായിരുന്നുവെന്നും ഗേറ്റ്‌സ് പറഞ്ഞു.
 
എനിക്ക് രണ്ട് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു - ഒന്ന് ബ്രിഡ്ജ് ഗെയിം ഇവന്റുകളില്‍ പരിചയപ്പെട്ട ഒരു റഷ്യന്‍ ബ്രിഡ്ജ് കളിക്കാരിയുമായും, മറ്റൊന്ന് ബിസിനസ് പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെട്ട ഒരു റഷ്യന്‍ ആണവ ഭൗതിക ശാസ്ത്രജ്ഞയുമായും. തന്റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ബോറിസ് നിക്കോലിക് ഈ ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും, ആ വിവരം പിന്നീട് എപ്സ്‌റ്റൈന് കൈമാറിയെന്നും ഗേറ്റ്സ് വെളിപ്പെടുത്തി.
 
 
2025 നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പുറത്തുവിട്ട എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ ബില്‍ ഗേറ്റ്‌സിനെ പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. എപ്സ്റ്റീന്‍ രേഖകളില്‍ യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ബില്‍ ഗേറ്റ്‌സിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ എപ്സ്റ്റീന്റെ നിര്‍ദേശപ്രകാരം എടുത്തതാണെന്നും അയാളുടെ ഉടമസ്ഥതയിലുള്ള കുപ്രസിദ്ധമായ ദ്വീപ് സന്ദര്‍ശിച്ചിട്ടില്ലെന്നും ഗേറ്റ്‌സ് പറഞ്ഞു.
 
അടുത്ത ലേഖനം
സതീശൻ ഔട്ട്, കളംപിടിച്ച് വേണുഗോപാലും ചെന്നിത്തലയും; മെയിൻ ആകാൻ കോൺഗ്രസിൽ തമ്മിലടി