1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Benjamin netanyahu oppenly attacks Iran, Turkey in UN speech

മംദാനി ജൂതവിരുദ്ധൻ, ഇറാനെന്ന രാജ്യം ഉടൻ തകരും: യുഎൻ പൊതുസഭയിൽ പേജർ ഉയർത്തി ആക്രോശിച്ച് നെതന്യാഹു

രാജ്യാന്തര വേദിയില്‍ ഇറാന്‍ നേതാക്കളെയും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി അടക്കമുള്ളവരെയും കടുത്ത ഭാഷയിലാണ് നെതന്യാഹു വിമര്‍ശിച്ചത്.

Benjamin netanyahu , UN Speech, Iran, Zohran Mamdani, Erdogan, Gaza
ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തെ ബഹളമയമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്‍പ് പല രാജ്യങ്ങളിലെയും പ്രതിനിധികള്‍ സഭ വിട്ട് പോയി പ്രതിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് നെതന്യാഹു തന്റെ പ്രസംഗം ആരംഭിച്ചത്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ് ഭൂരിഭാഗം നയതന്ത്ര പ്രതിനിധികളും പൊതുസഭയില്‍ നിന്ന് ഇറങ്ങിപോയത്. ഇതിന് പിന്നാലെ രാജ്യാന്തര വേദിയില്‍ ഇറാന്‍ നേതാക്കളെയും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി അടക്കമുള്ളവരെയും കടുത്ത ഭാഷയിലാണ് നെതന്യാഹു വിമര്‍ശിച്ചത്.
 
നെതന്യാഹു പ്രസംഗവേദിയിലേക്ക് എത്തിയതോടെ വലിയ കൂവലും ബഹളവുമാണ് സഭയിലുണ്ടായത്. എന്നാല്‍ ഇസ്രായേല്‍ പ്രതിനിധികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഹാളില്‍ ഇനിയും ഭീരുക്കലുണ്ടെങ്കില്‍ അവരും ഉടനെ പുറത്തുപോകണമെന്ന് ആക്രോശിച്ചാണ് നെതന്യാഹു പ്രസംഗം തുടങ്ങിയത്. ഐക്യരാഷ്ട്ര സഭയുടെ പുറത്തും നെതന്യാഹുവിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.
 
 ന്യൂയോര്‍ക്ക് മേയറും ഇടതുപക്ഷ നേതാവുമായ സൊഹ്‌റാന്‍ മംദാനിയെ ജൂതവിരുദ്ധനെന്നാണ് നെതന്യാഹു വിമര്‍ശിച്ചത്. മംദാനി അധികാരത്തില്‍ വന്നതോടെ ന്യൂയോര്‍ക്കിലെ ജൂതരുടെ സുരക്ഷിതത്വം നഷ്ടമായെന്നും നെതന്യാഹു പറഞ്ഞു. ഇറാനെ കൊലയാളി രാഷ്ടമെന്ന് വിശേഷിപ്പിച്ച നെതന്യാഹു ഇസ്രായേലും യുഎസും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇറാന്റെ ആണവശേഷിയെ ഇല്ലാതെയാക്കിയെന്നും ഇറാന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച വിദൂരമല്ലെന്നും പറഞ്ഞു. പ്രസംഗത്തിനിടെ ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി വിഭാഗം പൊട്ടിച്ച സ്‌ഫോടകവസ്തുക്കളടങ്ങിയ പേജര്‍ നെതന്യാഹു സഭയില്‍ ഉയര്‍ത്തികാട്ടി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഏകാധിപതിയാണെന്നും തുര്‍ക്കി ഹമാസിന് പിന്തുണ നല്‍കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെയും നെതന്യാഹു വിമര്‍ശിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വോട്ട് വെട്ടിനിരത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്നു, ഗ്യാനേഷ് കുമാർ രാജ്യത്തിൻ്റെ ശത്രു: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിജെപി